ശാസ്താംകോട്ട∙ അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചതോടെ വീട്ടില്‍ ഒറ്റപ്പെട്ടതിൽ മനംനൊന്ത്, അവിവാഹിതനായ യുവാവ് ജീവനൊടുക്കി. നിർമാണ തൊഴിലാളിയായ മൈനാഗപ്പള്ളി കോവൂർ കാവിന്റെ മേലേതിൽ കലേഷ് കുമാറിനെ (45)യാണ് മരിച്ച നിലയിൽ വൈകിട്ട് ആറിനു വീട്ടിൽ കണ്ടെത്തിയത്തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ശാന്തമ്മ 11ന് ഉച്ചയ്ക്കാണ് തോപ്പിൽ മുക്കിൽ കെഎസ്ആർടിസി ബസ് തട്ടി മരിച്ചത്. ചവറയില്‍ പോകാൻ ബസ് നിർത്തിയിരിക്കുന്നത് കണ്ട് ബസിനു മുന്നിലൂടെ വേഗത്തിൽ ഓടിയെത്താൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതിരുന്ന ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതോടെ ശാന്തമ്മയെ തട്ടി. റോഡിൽ വീണതോടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. വീട്ടിൽ സ്ഥല പരിമിതിയുള്ളതിനാൽ സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് ശാന്തമ്മയെ സംസ്കരിച്ചത്. മരണാനന്തര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് കലേഷിനെ സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അച്ഛൻ സോമരാജൻ പിള്ള എട്ട് വർഷം മുൻപ് ചേനങ്കര ജംക്ഷനിൽ സ്വകാര്യ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വാതിൽ തട്ടി അതേ ബസിന്റെ അടിയിൽ വീണു ചക്രങ്ങൾ കയറി ഇറങ്ങി മരിക്കുകയായിരുന്നു. സഹോദരിമാരായ കൃഷ്ണകുമാരി, കവിത കുമാരി എന്നിവരുടെ വിവാഹത്തിനു ശേഷം കലേഷും അമ്മയുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
