അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും; എൻ.സി.പി എം.എൽ.എമാർ ഉടൻ ഫഡ്നാവിസിനെ കാണും

news image
Jan 30, 2026, 10:27 am GMT+0000 payyolionline.in

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. സുനേത്ര പവാറിന്റെ പിൻഗാമിയായി കൊണ്ടുവരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, സുനേ​ത്ര നേതൃനിരയിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ തള്ളി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ട് വൈകാതെ നേതാവിനെ തീരുമാനിക്കുമെന്ന് അറിയിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണത്തിന് ശക്തമായി ആഗ്രഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന് തൊട്ടുമുമ്പ് ഈ നടപടികൾ പൂർത്തിയാകാൻ ഇരിക്കുകയായിരുന്നുവെന്നും അടുത്ത അനുയായി വെളിപ്പെടുത്തി. 1980കൾ മുതൽ അജിത് പവാറിനെ അടുത്തറിയുന്ന കിരൺ ഗുജാറിന്‍റേതാണ് വെളിപ്പെടുത്തൽ.

ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് അജിത് പവാർ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായി ഗുജാർ പറഞ്ഞു. എൻ.സി.പിയുടെ ഇരു വിഭാഗങ്ങളും ലയിപ്പിക്കുന്നതിന് പവാർ 100 ശതമാനം താൽപര്യപ്പെട്ടിരുന്നുവെന്നും ചർച്ചകൾ അവസാന ഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.സി.പിയിലെ ഭിന്നതകൾ അവസാനിപ്പിച്ച് പാർട്ടിയെ ഒന്നാക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ആ നീക്കം പൂർത്തിയാകുന്നതിന് മുമ്പേ അദ്ദേഹം വിടവാങ്ങിയെന്നുമാണ് ഗുജാറിന്‍റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe