‘അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ’; കേരളത്തിലെ ഭരണപ്രതിസന്ധിയിൽ പരിഹാസവുമായി മോദി, മറുപടിയുമായി ചെന്നിത്തല

news image
May 11, 2026, 4:00 am GMT+0000 payyolionline.in

ഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുണ്ടായ കാലതാമസത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിട്ടെടുക്കാനോ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനോ തയ്യാറാകണമെന്ന് മോദി പരിഹസിച്ചു. കേരളത്തിൽ നിരവധി നേതാക്കൾ മുഖ്യമന്ത്രി മോഹവുമായി നടക്കുകയാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും കണ്ട അതേ സാഹചര്യമാണ് കേരളത്തിലും നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശത്തിന് ശക്തമായ ഭാഷയിലാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകിയത്. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 50 ദിവസമെടുത്തെ കാര്യം മോദി മറക്കരുത്. നാഗ്പൂരിലെ നിർദ്ദേശം സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാൽ എല്ലാം തീരുമാനിക്കാമെന്നത് ബിജെപിയുടെ രീതിയണെന്നും എന്നാൽ കോൺഗ്രസിൽ ജനാധിപത്യപരമായ ചർച്ചകളാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന കാര്യം ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe