അടുക്കളയില്‍ ഗ്യാസില്ലാതാവുമോ? എല്‍പിജി ഉത്പാദനം ഊര്‍ജിതമാക്കാന്‍ എണ്ണ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

news image
Mar 6, 2026, 8:42 am GMT+0000 payyolionline.in

രാജ്യത്തെ എല്ലാ റിഫൈനറികളോടും ലിക്വിഡ് പെട്രോളിയം ഗ്യാസ് പരമാവധി ഉല്‍പാദിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നീ മൂന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു മാത്രമായി എല്‍പിജി ഉത്പാദനം പരിമിതപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്നതിനാല്‍ ക്രൂഡോയില്‍ വില ഉയരുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയും സ്ഥിതിഗതികള്‍ വിലയിരുത്തി. പൊതുമേഖലാ കമ്പനികള്‍ എല്‍പിജി വീട്ടുപയോഗത്തിനുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമായി വില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ വലിയൊരളവ് വാങ്ങിയിരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്.

പശ്ചിമേഷ്യയില്‍ രാജ്യങ്ങളില്‍ സംഘര്‍ഷത്തിന് അയവില്ലാതെ തുടരുന്നത് ആശങ്കയ്ക്ക് കാരണമാവുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം നിലച്ചതിനാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ക്രൂഡ് ഓയില്‍ നീക്കത്തില്‍ 86 ശതമാനത്തോളം ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ തല്‍ക്കാലികമായി എല്‍എന്‍ജി ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാവും. ഹോര്‍മുസ് പ്രതിസന്ധിമൂലം ഇന്ത്യയില്‍ ഏറ്റവുമാദ്യം ക്ഷാമമുണ്ടാവുക എല്‍പിജിക്കായിരിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

എല്‍പിജി ലഭ്യതയില്‍ ഇന്ത്യയ്ക്ക് പകരം സംവിധാനങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെ പരിമിതമായ സാധ്യത മാത്രമാണ് ഉള്ളത്. യുഎസ്, റഷ്യ, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്ന് ചെറിയ അധിക കപ്പല്‍ ചരക്കുകള്‍ ലഭിച്ചേക്കാമെങ്കിലും അത് വളരെ പരിമിതമായിരിക്കും. എണ്ണ ലഭ്യതയും കപ്പല്‍ ഗതാഗത ചെലവും രാജ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.

നിലവിലുള്ള എല്‍പിജി ശേഖരം ഏകദേശം 30 ദിവസത്തേക്ക് മതിയാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ചില്‍ എത്തേണ്ട കപ്പല്‍ ചരക്കുകള്‍ വൈകുകയോ, ആളുകള്‍ ലഭ്യത കുറവ് ഭയന്ന് മുന്‍കൂട്ടി ഗ്യാസ് സിലിണ്ടര്‍ വാങ്ങി വെയ്ക്കുകയോ ചെയ്താല്‍, ഈ സുരക്ഷിതമായ സംഭരണ കാലാവധി വളരെ വേഗത്തില്‍ കുറയാന്‍ സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe