അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്

news image
Nov 12, 2025, 12:43 pm GMT+0000 payyolionline.in

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും നികുതി വെട്ടിക്കുറക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ് വ്യാപാര ചർച്ച അനിശ്ചിതമായി നീളുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപി​ന്റെ പ്രതികരണം. ഇന്ത്യക്കെതിരായ നികുതി നിലവിൽ വളരെ ഉയർന്നതാണെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതാണ് അതിന്റെ കാരണം. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യക്കെതിരായ താരിഫ് വെട്ടിക്കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതോടെ യു.എസ് ഏറ്റവും കൂടുതൽ നികുതി ചുമത്തിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു.

അതേസമയം, വ്യാപാര കരാറിനു​ വേണ്ടി യു.എസുമായി കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്. ഇന്ത്യയും യു.എസും സമഗ്രവും ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ അനുസരിച്ചുമുള്ള വ്യാപാര കരാറിനെക്കുറിച്ചാണ് ചർച്ച നടത്തിയത്. കാർഷികോത്പന്നങ്ങൾ അടക്കം പ്രധാനപ്പെട്ട മേഖലകളെ സംരക്ഷിച്ചുകൊണ്ടാണ് കരാറിലേർപ്പെടുക. ഇന്ത്യ സമർപ്പിച്ച കരാർ നിർദേശത്തിൽ യു.എസിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഫെബ്രുവരിയിൽ യു.എസുമായി വ്യാപാര കരാർ ചർച്ചക്ക് തുടക്കം കുറിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനുശേഷമായിരുന്നു ചർച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe