അനുമതിയില്ലാതെ കുന്നിടിച്ചു; മലപ്പുറം പലേമ്പറമ്പില്‍ നിരവധി വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിൽ

news image
Aug 5, 2026, 10:17 am GMT+0000 payyolionline.in

മലപ്പുറം: എടയൂര്‍ പഞ്ചായത്തില്‍ പലേമ്പറമ്പ് പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിന് മുകളിലെ മണ്‍കൂനകളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കുന്നിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഇടിച്ചുനിരത്തിയ നിലയിലാണ്. ഇന്നലെ വൈകീട്ടും സ്ഥലത്ത് മണ്ണ് ഇടിഞ്ഞിരുന്നു. ഇതിന് താഴെ 40ല്‍ കൂടുതല്‍ വീടുകള്‍ അപകട ഭീഷണിയിലാണ്.

പ്രദേശത്ത് കുന്നിടിച്ച മണ്ണ് ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയാണ് ഉടമ ചെയ്തിരിക്കുന്നത്. പഞ്ചായത്തില്‍ നിന്നും ജിയോളജി വകുപ്പില്‍ നിന്നും അനുമതി എടുക്കാതെയാണ് കുന്നിടിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ‘പഞ്ചായത്തില്‍ നിന്നും ജിയോളജി വകുപ്പില്‍ നിന്നും അനുമതിയില്ല. രണ്ട് വര്‍ഷം മുന്‍പ് ക്വാറി നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുണ്ടായ മഴയിലാണ് വിള്ളലുകള്‍ ശ്രദ്ധയില്‍ പെടുന്നത്’, പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട് കളക്ടർക്ക് വിവരം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കുന്നിന്റെ മുകളില്‍ നിരവധി വിള്ളലുകള്‍ ഉണ്ട്. ഇന്നലെ പുതിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താല്‍ അത് മണ്ണിടിയുന്നതിനും വടക്കുമ്പുറം, ചേനാടന്‍, കുളമ്പ് പ്രദേശത്തെ വീടുകള്‍ തകരുന്നതിനും ഇടയാക്കും. ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി വെള്ളം താഴെ ഇറങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അതൊന്നും ചെയ്യാൻ സ്ഥലം ഉടമ തയ്യാറായില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe