ചില അപൂർവങ്ങളായ കാഴ്ചകൾക്ക് സൗന്ദര്യം ഏറെയാണ്. അത്തരത്തിൽ ഒരു കാഴ്ച കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രെയിമിൽ നിൽക്കുന്ന കൗതുകകരവും മനോഹരവുമായ കാഴ്ചയായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയിൽ ഒരു വന്യജീവി സങ്കേതത്തിലെ ഇടവഴിയിലൂടെ ശാന്തമായി നടക്കുന്ന കടുവയുടെയും മയിലിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. തൊട്ടു മുന്നിലും പിന്നിലുമായി ഇരുവരും നടന്നു നീങ്ങുന്ന കാഴ്ച ഏറെ കൗതുകകരമാണ്. പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ട് പകർത്തിയ വീഡിയോ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ആയ ഡോ. പി.എം. ധാകാതെ (IFS) ആണ് എക്സിൽ പങ്കുവച്ചത്.
വീഡിയോയിൽ ഒരു മയിൽ നടക്കുന്നത് കാണാം. തൊട്ടുപിന്നിലായിട്ടാണ് കടുവ നടക്കുന്നത്. വളരെ ശാന്തരാണ് കടുവയും മയിലും എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.