വടകര : അഴിയൂർ-വെങ്ങളം പാതയിലെ അഴിയൂർ മുതൽ കൈനാട്ടിവരെയുള്ള ഭാഗത്ത് നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ പ്രവൃത്തി പൂർത്തിയാക്കാൻ ഊർജിതശ്രമം. ഈ ഭാഗത്ത് പ്രവൃത്തി കുറെയേറെ മുന്നേറിയിട്ടുണ്ട്. സോയിൽ നെയിലിങ് തകർന്ന ഭാഗത്തെ കോൺക്രീറ്റ്ഭിത്തി പൂർത്തിയായാൽ വലിയ കടമ്പതന്നെ കടന്നുകിട്ടും.
ഇതൊഴികെയുള്ള പ്രവൃത്തി ഈ വർഷം ഡിസംബറിനുള്ളിൽത്തന്നെ പൂർത്തിയായേക്കും. അഴിയൂർ-വെങ്ങളം പാത നവീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് 2027 മേയ് മാസത്തിലാണ്.
തലശ്ശേരി-മാഹി ബൈപ്പാസ് അവസാനിക്കുന്നിടത്തുനിന്നാണ് അഴിയൂർ വെങ്ങളം പാത തുടങ്ങുന്നത്. ബൈപ്പാസുമായി അഴിയൂർ-വെങ്ങളം പാതയെ ബന്ധിപ്പിച്ചുകഴിഞ്ഞു.
കുഞ്ഞിപ്പള്ളിയിലെ അടിപ്പാതയും അനുബന്ധറോഡും പൂർത്തിയായി. അവസാനഘട്ട ടാറിങാണ് ഇപ്പോൾ നടക്കുന്നത്. കുഞ്ഞിപ്പള്ളി കഴിഞ്ഞാൽ പിന്നെ ചോമ്പാലയിലെ ടോൾപ്ലാസയാണ്.
ടോൾപ്ലാസ കെട്ടിടനിർമാണം പൂർത്തിയായിക്കഴിഞ്ഞു. റോഡിന്റെ ഇരുവശത്തും ഡിവൈഡറുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. ഇവിടെ ചോമ്പാല അടിപ്പാതയും ഇരുവശത്തെ റോഡും പൂർത്തിയായി. കുറച്ചുഭാഗത്ത് ഡിവൈഡർ കോൺക്രീറ്റ് ബാക്കിയുണ്ട്. ആറുവരിയിൽ പാത ഒരുങ്ങിയെങ്കിലും മൂന്നുവരിയിലാണ് നിലവിൽ വാഹനങ്ങൾ വിടുന്നത്. ചോമ്പാല ഹാർബർ റോഡ് പരിസരത്ത് റോഡ് പണി കുറച്ച് ബാക്കിയുണ്ട്.
സോയിൽ നെയിലിങ് തകർന്നതിന്റെ ഒരുവശത്ത് കോൺക്രീറ്റ് ഭിത്തി പൂർത്തിയായി. മറുവശത്ത് ഇനി പണിതുടങ്ങണം. ഇവിടെ ഒരുവശത്ത് റോഡ് പണിയും തകൃതിയാണ്.
അടിപ്പാത പണികൾ തുടരുന്നു
കണ്ണൂക്കര അടിപ്പാതയുടെ ഒരുവശത്ത് റോഡായെങ്കിലും മറുവശത്ത് റോഡ് നിർമാണം പൂർത്തിയായിട്ടില്ല. ഇവിടം മുതൽ മടപ്പള്ളിവരെ റോഡ് നിർമാണവും പൂർത്തിയാകണം. മടപ്പള്ളിയിൽ അവസാനഘട്ടത്തിൽ അനുവദിച്ച അടിപ്പാത മൂന്നുവരിയിൽ പൂർത്തിയായി. മറുവശത്ത് പണി തുടങ്ങിയിട്ടില്ല. മടപ്പള്ളിയിൽ കോൺക്രീറ്റ് ഭിത്തിയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. നാദാപുരം റോഡിലെ അടിപ്പാത നിർമാണം പൂർത്തിയായി. ഇവിടെ റോഡ് നിർമാണവും അന്തിമഘട്ടത്തിലാണ്.
നാദാപുരം റോഡ് മുതൽ കൈനാട്ടിക്ക് സമീപംവരെ ഒരുവശത്ത് റോഡായിട്ടുണ്ട്.
കൈനാട്ടി മുതൽ വടകര കരിമ്പനപ്പാലം വരെയുള്ള ഭാഗത്താണ് പ്രവൃത്തി കുറെ ബാക്കിയുള്ളത്. നാല് മേൽപ്പാലങ്ങളുടെയും ഒരു ഉയരപ്പാതയുടെയും രണ്ട് അടിപ്പാതയുടെയും അനുബന്ധ റോഡ് നിർമാണമാണ് അനിശ്ചിതത്വത്തിൽ കിടക്കുന്നത്. മണ്ണിട്ടുയർത്തിയുള്ള റോഡിന് പകരം തൂണിൻമേൽപ്പാതയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് എൻ.എച്ച്.എ.ഐ.
