അവസാനഘട്ടത്തിൽ വർഗീയ കാർഡ് ഇറക്കുന്നത് മുസ്‌ലിം ലീഗിന്റെ സ്ഥിരം രീതി;മുനാഫിഖ് പരാമർശത്തിനെതിരെ ഷാനവാസ് പാദൂർ

news image
Apr 5, 2026, 6:36 am GMT+0000 payyolionline.in

 

കാസർകോട്: തനിക്കെതിരായ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതികരണവുമായി കാസർകോട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. വിദ്വേഷ പ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്നും അവസാന ഘട്ടത്തിൽ വർഗീയ കാർഡ് ഇറക്കുന്നത് മുസ്‌ലിം ലീഗിന്റെ സ്ഥിരം രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

വികസനം പറയാൻ ഇല്ലാത്തതുകൊണ്ട് വിദ്വേഷ പ്രചാരണം നടത്തുന്നു. ആദ്യം ഡീൽ ആരോപിച്ചു. രക്ഷയില്ലാതെ വന്നതോടെ വർഗീയ കാർഡ് ഇറക്കി. മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. വരും ദിവസങ്ങളിലും ഇത്തരം പണികൾ ലീഗ് നടത്തും. ഇത്തവണ കാസർകോട്ടുകാരെ കബളിപ്പിക്കാൻ കഴിയില്ലെന്നും ഷാനവാസ് പാദൂർ  പ്രതികരിച്ചു.

‘കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ’ എന്നാണ് ലീഗ് നേതാവ് ഷാനവാസ് പാദൂരിനെ
വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർസാന വിളിച്ചത്. മുളേളരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പരാമർശം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയിരുന്നു.

ഷാനവാസ് പാദൂരിന്റെ ഇലക്ഷൻ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നൽകിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടിൽ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പർദ്ധ വളർത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂർവ്വം സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുകയും സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫർസാനയ്ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe