ഡിജിറ്റൽ സാക്ഷരതയിലേക്ക് രാജ്യം മുന്നേറുന്നതിന്റെ ഭാഗമായി പൗരന്മാർക്ക് അവരുടെ ആധാർ കാർഡുകൾ വാട്സ്ആപ് വഴി നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ‘മൈഗവ്’ ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ടുമായി സംയോജിച്ചിട്ടാണ് കേന്ദ്ര സർക്കാർ ഈ സേവനം നടപ്പിലാക്കുന്നത്. ഇതുവഴി പൗരന്മാർക്ക് തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡ് വേഗത്തിൽ അക്സസ്സ് ചെയ്യാൻ സാധിക്കുന്നു.
ദൈനദിന ജീവിതത്തിന്റെ ഭാഗമായി വാട്സ്ആപ് പൗരന്മാർ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഒന്നിലധികം ആപ്പുകളോ വെബ്സൈറ്റുകളോ സന്ദർശിക്കാത്ത എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്ന പുതിയ രീതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. മുമ്പ് യു.ഐ.ഡി.എ.ഐ പോർട്ടലിലും ഡിജിലോക്കർ ആപ്പിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആധാർ കാർഡിന്റെ പി.ഡി.എഫ് ഫോർമാറ്റ് ഇനിമുതൽ വാട്സ്ആപ് വഴി സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം.
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം വരുന്ന വാട്സ്ആപ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ പദ്ധതി. ഗ്രാമങ്ങൾ, നഗരങ്ങൾ എന്നിങ്ങനെ വ്യത്യാസമില്ലാതെ വാട്സ്ആപ് ഉപയോഗിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഈ സേവനം ഉപയോഗിക്കാം. അതിന് ഒരു സ്മാർട്ട്ഫോണും സജീവമായ വാട്സ്ആപ് അക്കൗണ്ടും മതി. വാട്സ്ആപ് വഴി ആധാർ കാർഡ് പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യന്നവർക്ക് ആക്റ്റീവ് ആയിട്ടുള്ള ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണം. തുടർന്ന് +91-9013151515 എന്ന മൈഗവ് ഹെൽപ്പ്ഡെസ്ക് വാട്സ്ആപ് നമ്പർ സേവ് ചെയ്ത് സന്ദേശം അയക്കാം.
വാട്സ്ആപ് വഴി ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്റെ നടപടികൾ
-
- കോൺടാക്ട് നമ്പർ സേവ് ചെയ്യുക: നിങ്ങളുടെ സ്മാർട്ട്ഫോണിൽ മൈഗവ് ഹെൽപ്പ്ഡെസ്ക് നമ്പറായ +91-9013151515 സേവ് ചെയ്യുക
- സന്ദേശം അയക്കുക: വാട്സ്ആപ് തുറന്ന് സേവ് ചെയ്ത നമ്പറിൽ ‘ഹായ്’ അല്ലെങ്കിൽ ‘നമസ്തേ’ പോലുള്ള ലളിത സന്ദേശം അയക്കുക.
- സേവനം തെരഞ്ഞെടുക്കുക: ചാറ്റ്ബോട്ട് മെനുവിൽ ലഭ്യമാകുന്ന ‘ഡിജിലോക്കർ സർവീസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഡിജിലോക്കർ അക്കൗണ്ട് സ്ഥിരീകരിക്കുക: ഉപഭോക്താവ് നിലവിൽ ഒരു ഡിജിലോക്കർ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ ആദ്യം ഡിജിലോക്കറിൽ ഒരു അക്കൗണ്ട് ആരംഭിക്കുക.
- ആധാർ നമ്പർ നൽകുക: തുടർനടപടികൾക്കായി നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
- ഒ.ടി.പി ഉപയോഗിച്ച് സ്ഥിരീകരിക്കുക: നിങ്ങളുടെ ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റ തവണ പാസ്വേഡ് (OTP) ലഭിക്കും. അത് സ്ഥിരീകരിക്കുക.
- ലഭ്യമായ രേഖകൾ പരിശോധിക്കുക: നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന രേഖകളുടെ ഒരു ലിസ്റ്റ് ചാറ്റ്ബോട്ട് വാട്സ്ആപ് വിൻഡോയിൽ പ്രദർശിപ്പിക്കും.
- ആധാർ തെരഞ്ഞെടുക്കുക: ലിസ്റ്റിൽ നിന്നും ഉപയോക്താവിന്റെ ആധാർ തെരഞ്ഞെടുക്കുക. തുടർന്ന് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന പി.ഡി.എഫ് ഫയൽ നേരിട്ട് നിങ്ങളുടെ വാട്സ്ആപ് ചാറ്റിൽ എത്തും. ശേഷം പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യുക