ആപ്പിൾ വീണ്ടും കുഴപ്പത്തിൽ; ആപ്പ് സ്റ്റോർ ആന്‍റിട്രസ്റ്റ് ഉത്തരവ് ലംഘിച്ചതായി യുഎസ് കോടതി, ഇനിയെന്ത്?

news image
May 2, 2025, 11:25 am GMT+0000 payyolionline.in

കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിൾ ക്രിമിനൽ കോടതിയലക്ഷ്യ അന്വേഷണം നേരിടുന്നു. ആപ്പ് സ്റ്റോർ മൂന്നാം കക്ഷി പേയ്‌മെന്‍റ് ഓപ്ഷനുകൾക്കായി തുറക്കണമെന്നും സോഫ്റ്റ്‌വെയർ മാർക്കറ്റിന് പുറത്ത് നടത്തുന്ന വാങ്ങലുകൾക്ക് കമ്മീഷൻ ഈടാക്കുന്നത് നിർത്തണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ആപ്പിൾ ഇൻ‌കോർപ്പറേറ്റഡ് ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ കോടതി കണ്ടെത്തി.

ഇതോടെ കമ്പനിക്കെതിരെ ക്രിമിനൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.എപ്പിക് ഗെയിംസ് ഫയൽ ചെയ്ത ഒരു ആന്‍റിട്രസ്റ്റ് കേസിൽ 2021ൽ പുറപ്പെടുവിച്ച ഒരു ഇൻജക്ഷൻ ആപ്പിൾ മനഃപൂർവ്വം ലംഘിച്ചുവെന്ന് ഓക്ക്‌ലാൻഡിലെ യുഎസ് ജില്ലാ ജഡ്‍ജി യോവോൺ ഗോൺസാലസ് റോജേഴ്‌സ് കഴിഞ്ഞ ദിവസം വിധിച്ചു. ആപ്പിള്‍ നിയമവിരുദ്ധമായി മത്സരത്തില്‍ ഏർപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് 2021ൽ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതിൽ ഐഫോൺ നിർമ്മാതാവ് പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2021ലെ വിധി ലംഘിച്ചുകൊണ്ട് ആപ്പിൾ ക്രിമിനൽ കോടതി അലക്ഷ്യമാണ് നടത്തിയതെന്ന് വ്യക്തമാക്കിയ ജഡ്‍ജി ഗൊൺസാലസ് റോജേഴ്‌സ് അന്വേഷിക്കാൻ കേസ് ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് കൈമാറി.ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലെ ഇടപാടുകളിലും ഉപഭോക്താക്കൾക്ക് ആപ്പുകൾ വിതരണം ചെയ്യുന്ന രീതിയിലും ആപ്പിളിന്‍റെ നിയന്ത്രണം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ൽ ആണ് എപ്പിക് കേസ് ഫയൽ ചെയ്തത്. ആപ്പിളിന്‍റെ 30% കമ്മീഷൻ ഒഴിവാക്കുന്ന ആപ്പിൾ ഇതര പേയ്‌മെന്‍റ് ഓപ്ഷനുകളിലേക്ക് ആപ്പ് ഉപയോക്താക്കളെ നയിക്കാൻ ഡെവലപ്പർമാർക്ക് കൂടുതൽ അധികാരം നൽകണമെന്ന് ജഡ്‍ജിയുടെ മുൻ ഉത്തരവിൽ ആപ്പിൾ ആവശ്യപ്പെട്ടിരുന്നു. ആപ്പിളിനെതിരെ അനുസരണക്കേട്  ആരോപിച്ച ജഡ്‍ജി, കോടതിയിൽ നിന്ന് തീരുമാനമെടുക്കൽ പ്രക്രിയ മറച്ചുവെക്കാൻ ആപ്പിളിന് കഴിഞ്ഞുവെന്ന് പറഞ്ഞു.

കോടതിയുടെ ഉത്തരവിനെ നേരിട്ട് ലംഘിച്ചുകൊണ്ട് ആപ്പിൾ കോടിക്കണക്കിന് രൂപയുടെ വരുമാന സ്രോതസ്സ് നിലനിർത്താൻ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു. ആപ്പിളിന് എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു എന്നാണ് ആന്തരിക രേഖകൾ കാണിക്കുന്നതെന്നും ഒരു ഫിനാൻസ് എക്സിക്യൂട്ടീവ് സത്യപ്രസ്‍താവന ചെയ്ത് കള്ളം പറഞ്ഞിട്ടുണ്ടെന്നും കോടതി കണ്ടെത്തി. എന്നാല്‍ ആപ്പിളിനെതിരെ തുടര്‍ നടപടികള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല.

അതേസമയം ഈ തീരുമാനത്തോട് തങ്ങൾ ശക്തമായി വിയോജിക്കുന്നു എന്ന് ആപ്പിൾ പറഞ്ഞു. കോടതി ഉത്തരവ് ഞങ്ങൾ പാലിക്കുകയും അപ്പീൽ നൽകുകയും ചെയ്യും എന്നും ആപ്പിൾ പ്രസ്താവനയിൽ പ്രതികരിച്ചു. എന്നാൽ എപ്പിക് ഗെയിംസ് സിഇഒ ടിം സ്വീനി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഡെവലപ്പർമാർക്കും ഉപഭോക്താക്കൾക്കും ഇതൊരു വലിയ വിജയമാണെന്നും ഇത് ആപ്പിളിനെ ആധിപത്യം സ്ഥാപിക്കുന്നതിനുപകരം മത്സരിക്കാൻ നിർബന്ധിതരാക്കുന്നുവെന്നും എപ്പിക് ഗെയിംസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe