സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകൾ പങ്കെടുക്കും. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. കേന്ദ്രസഹായമായി 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ലാഗ്ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന പുലിക്കളിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചിട്ടുണ്ട്. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.