മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്മെഴ്സിബിള്‍ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റര്‍ സമുദ്രയാന്‍ ആഴക്കടല്‍ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയില്‍ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓ്ഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) ഡയറക്ടര്‍ ഡോ ബാലാജി രാമകൃഷ്ണന്‍ പറഞ്ഞു. എന്‍ഐഒടിയാണ് ഇന്ത്യയുടെ ആഴക്കടല്‍ ദൗത്യത്തിന്റെ നോഡല്‍ ഏജന്‍സി.
ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശില്‍പശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഡോ ബാലാജി രാമകൃഷ്ണന്‍.
മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടല്‍ പര്യവേക്ഷണത്തിനാണ് ‘മത്സ്യ’ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മഴ്സിബിള്‍ വാഹനത്തിന് 25 ടണ്‍ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മര്‍ദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പാകത്തിലാണ് രൂപകല്‍പന.
ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തല്‍, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാന്‍ ദൗത്യമെന്ന് എന്‍ഐഒടി ഡയറക്ടര്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 500 മീറ്റര്‍ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂര്‍ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടല്‍. ആഴക്കടല്‍ മേഖലയില്‍ നിന്ന് നിര്‍ണായക സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ ഇത് സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തര്‍ഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കാനും അവസരമൊരുക്കും-അദ്ദേഹം പറഞ്ഞു.
കടല്‍കൂടുകൃഷിയില്‍ നിര്‍ണായക വഴിത്തിരിവിന് അവസരമൊരുക്കുന്നതാണ് ‘സമുദ്രജീവ’ എന്ന പേരില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ. കടലിലെ മത്സ്യകൂടുകളില്‍ സ്ഥാപിച്ച സെന്‍സറുകളിലൂടെ മീനിന്റെ വളര്‍ച്ചയും ജലഗുണനിലവാരവും കരയില്‍ നിന്ന് വിലയിരുത്താന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരം സാങ്കേതികവിദ്യകള്‍ സമുദ്രമത്സ്യ മേഖലയില്‍ സുസ്ഥിര വികസനത്തിന് വേഗം കൂട്ടുമെന്നും ഡോ ബാലാജി രാമകൃഷ്ണന്‍ പറഞ്ഞു.
സിഎംഎഫ്ആര്‍ഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നത്. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യ മേഖലയിലെ സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ നേട്ടങ്ങളും എന്‍ഐഒടിയുടെ സാങ്കേതികവിദ്യകളും സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാരികള്‍ച്ചര്‍ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍, പ്രത്യേകിച്ച് കടല്‍പ്പായല്‍ കൃഷി, പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് സാങ്കേതിക വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 
                            

 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            