ആലപ്പുഴയിൽ അപൂർവ രോഗം ബാധിച്ച് 15കാരൻ മരിച്ചു; രോഗം ബാധിച്ചത് തോട്ടിൽ കുളിച്ച ശേഷം

news image
Jul 7, 2023, 9:20 am GMT+0000 payyolionline.in

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച് ആലപ്പുഴയിൽ 15കാരൻ മരിച്ചു. പാണാവള്ളി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പാണാവള്ളിയിലെ തോട്ടിൽ കുളിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ് രോഗകാരണം.

 

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതടക്കം സംസ്ഥാനത്ത് ഇതുവരെ അഞ്ചുകേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈരോഗം പകർച്ച വ്യാധിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എങ്കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകും. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കരുതെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe