ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്താന് നാലു ദിവസത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. പാക് സൈന്യത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഈ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലു ദിവസം മാത്രം ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിര്‍ണായക ആയുധങ്ങൾ മാത്രമേ പാകിസ്താന്റെ കൈവശമുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്വന്തം ശേഖരത്തിലെ ആയുധങ്ങൾ ഇത്രയധികം കുറയാന്‍ കാരണം പാകിസ്താൻ യുക്രൈനെ ആയുധങ്ങള്‍ നല്കി സഹായിച്ചതു മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാകിസ്താന് ഓര്‍ഡിനന്‍സ് ഫാക്ടറി (പി.ഒ.എഫ്) ആണ് പാക് സൈന്യത്തിന് ആവശ്യമായ പടക്കോപ്പുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ യുക്രൈനുമായി നടത്തിയതുള്‍പ്പെടെയുള്ള ആയുധകരാര്‍ മൂലം ആവശ്യത്തിന് പടക്കോപ്പുകള്‍ സൈന്യത്തിന് ലഭ്യമാക്കാനുള്ള ശേഷി പി.ഒ.എഫിനില്ല. മാത്രമല്ല ആയുധോത്പാദനത്തില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്താതുമൂലം ഉത്പാദനത്തില്‍ പെട്ടെന്ന് വര്‍ധനവ് വരുത്താനുമാകില്ല.
ഇന്ത്യ ഉടനെ തന്നെ സൈനിക നടപടി തുടങ്ങുമെന്ന് പാകിസ്താനിലെ ഭരണനേതൃത്വത്തിലുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമ്പോഴാണ് ആയുധ സംഭരണത്തിലെ ദൗര്‍ബല്യം പുറത്തുവന്നത്. രൂക്ഷമായ സൈനിക നടപടിയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ വെറും 96 മണിക്കൂര്‍ പിടിച്ചുനില്ക്കാന് മാത്രമേ പാകിസ്താന് സാധിക്കു. മെയ് രണ്ടിന് ഇക്കാര്യം പാക് സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുമായി ഒരു സൈനിക സംഘര്‍ഷം മുന്നില്‍ കണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു അമ്മ്യുണിഷന്‍ ഡിപ്പോ പാക്സൈന്യം സജ്ജമാക്കുന്നുണ്ട് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായുള്ള സംഘട്ടനം ഉണ്ടായാല്‍ നേരിടുന്ന പ്രതിസന്ധിയില്‍ പാക് സൈനിക നേതൃത്വത്തിനും ഭീതിയുണ്ട്. മുന്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും മുമ്പ് ഇക്കാര്യം ഉന്നയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായി നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം നേരിടാനുള്ള ആയുധ ശേഷിയോ സാമ്പത്തിക ശേഷിയോ പാക് സൈന്യത്തിനില്ല എന്ന് ബ്ജവ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.