ദോഹ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ ഇന്ത്യ – പാകിസ്താൻ സംഘർഷത്തിൽ ആശങ്ക അറിയിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്നും സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നം ലഘൂകരിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
സംഭാഷണങ്ങളിലും നയതന്ത്ര മാർഗങ്ങളിലുടെയും പ്രതിസന്ധി പരിഹരിക്കണം. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണം. പ്രശ്നങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തെയും സുരക്ഷയെയും ഇത് ബാധിക്കുമെന്നും ഖത്തർ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും ഖത്തർ പ്രസ്താവനയിൽ പറയുന്നു.
അതിനിടെ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ സമാധാന പരമായി പരിഹരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു