വടകര: മാഹിയിൽ നിന്ന് ആഡംബര കാറിൽ കടത്തുകയായിരുന്ന 255 ലിറ്റർ വിദേശമദ്യവുമായി നാലംഗ സംഘം വടകരയിൽ എക്സൈസ് പിടിയിലായി. കൊല്ലം സ്വദേശികളായ ബിജോയ് (29), റോബിൻ (20), ബിബിൻ ബാബു (21), മാഹി സ്വദേശി ജോൺസൺ മാത്യു (59) എന്നിവരെയാണ് വടകര എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്. കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കുഞ്ഞിപ്പള്ളിയിലെ അഴിയൂർ വനിത സഹകരണ സംഘത്തിന് സമീപം വെച്ച് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കടത്താൻ ശ്രമിച്ച മദ്യത്തിന്റെ അളവ് പരിഗണിക്കുമ്പോൾ ഇത് വലിയൊരു വിതരണ ശൃംഖലയുടെ ഭാഗമാണെന്നാണ് എക്സൈസ് വിലയിരുത്തുന്നത്. പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, സായി ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം രാജ്, മുസ്ബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
