ഇരിങ്ങൽ : ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടക്കൽ, കൊളാവിപാലം, തച്ചൻകുന്ന്, തുറശ്ശേരിക്കടവ്, കീഴൂർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായ ആരോഗ്യ-ശുചിത്വ പരിശോധനകൾ നടത്തി. ഭക്ഷണശാലകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യ മാർക്കറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലിനജല സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനും മതിയായ ശുചിത്വം പാലിക്കാത്തതിനും സംസം റസ്റ്റോറന്റിന് നോട്ടീസ് നൽകുകയും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു.
അറവുമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ പുറന്തള്ളുന്ന ചിക്കൻ സ്റ്റാൾ ഉടമകൾക്കും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടന്ന് കൊതുക് പെരുകാൻ സാഹചര്യമൊരുക്കിയ വിവിധ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച കടകളിൽ നിന്ന് കോട്പ നിയമപ്രകാരം 1600 രൂപ പിഴ ഈടാക്കി. കഠിനമായ വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ പരിശോധനാ വേളയിൽ കൈമാറി.
ഉത്സവങ്ങളിലും ആഘോഷങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും ഹോട്ടലുകളും കൂൾബാറുകളും തട്ടുകടകളും കൃത്യമായ ഇടവേളകളിൽ ജലപരിശോധന നടത്തണമെന്നും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. എസ്. സുനിത അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ലെന്നും പകർച്ചവ്യാധികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഫാത്തിമ, പി.കെ. സാദത്ത്, ടി.കെ. സുബീഷ്, പി.എം. ആതിര, കെ.ടി. നസ്റിൻ എന്നിവരും പങ്കെടുത്തു.
