ഉയർന്ന കമ്മിഷൻ; ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി റസ്റ്ററന്റുകൾ

news image
Dec 20, 2025, 12:46 pm GMT+0000 payyolionline.in

മുംബൈ: ഉയർന്ന കമ്മിഷൻ നിരക്കിന്റെ പേരിൽ രാജ്യത്തെ മൂന്നിലൊന്നു റസ്റ്ററന്റുകളും ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കുന്നതു പരിഗണിക്കുന്നതായി റിപ്പോർട്ട്.ആഗോള ടെക്‌നോളജി ഗ്രൂപ്പായ പ്രോസസുമായി ചേർന്ന് നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഇവർ നടത്തിയ പഠനത്തിൽ 35.4 ശതമാനം റസ്റ്ററന്റുകളാണ് ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഉയർന്ന കമ്മിഷൻ നിരക്ക്, മോശം ഉപഭോക്തൃ സേവനം, ഉപഭോക്താക്കളുടെ കുറവ്, ലാഭത്തിലെ ഇടിവ് എന്നിവയാണ് ഇതിനായി കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും രാജ്യത്ത് ആപ്പ് കേന്ദ്രീകൃത ഭക്ഷണവിതരണ പ്ലാറ്റ്‌ഫോം ത്വരിത വളർച്ച കൈവരിച്ചുവരുന്നു. അതേസമയം, പ്ലാറ്റ്‌ഫോം ഫീസടക്കം റസ്റ്ററന്റുകളിലെ നിരക്കിനേക്കാൾ വലിയ തുക അധികമായി ഈ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്നുണ്ട്. കമ്മിഷൻ നിരക്ക് കുറയ്ക്കണമെന്നാണ് 30 ശതമാനം റസ്റ്ററന്റുകളും ആവശ്യപ്പെടുന്നത്. പ്ലാറ്റ്‌ഫോമിലെ കമ്മിഷൻ 2019 -ൽ 9.6 ശതമാനമായിരുന്നു. 2023-ലിത് 24.6 ശതമാനം വരെയായി ഉയർന്നു. ഇത് ഹോട്ടലുകളുടെ ലാഭത്തെ ബാധിക്കാനിടയാക്കുന്നുണ്ട്. വലിയ റസ്റ്ററന്റുകൾക്കും ഫുഡ് ചെയിനുകൾക്കും പ്ലാറ്റ്‌ഫോമുകളുമായി വിലപേശാൻ കഴിയും. എന്നാൽ, ചെറുകിടക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിൽ 2023-24 കാലത്ത് 13.7 ലക്ഷം പേരാണ് തൊഴിലെടുക്കുന്നത്. ഗിഗ് വർക്കേഴ്‌സ് ആണ് ഇതിൽ ഭൂരിഭാഗവും. വർഷം 12.3 ശതമാനം നിരക്കിലാണ് തൊഴിലവസരങ്ങളിലെ വളർച്ചയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe