ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും

news image
Dec 13, 2025, 11:21 am GMT+0000 payyolionline.in

മേപ്പാടി:  ഉരുൾദുരന്തം വിഴുങ്ങിയ മേപ്പാടി പഞ്ചായത്തിൽ ഭരണം നിലനിർത്തി യുഡിഎഫ്. ആകെയുള്ള 23 വാർഡിൽ 13 വാർഡുകളിൽ ജയിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. 9 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് എൽഡിഎഫ് സ്വതന്ത്രനും ലഭിച്ചു. 22 വാർഡായിരുന്നു 2020ലുണ്ടായിരുന്നത്. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പതിനൊന്നാം വാർഡായ മുണ്ടക്കൈ പൂർണമായി ഒലിച്ചുപോയി. ഇത്തവണത്തെ വാർഡ് വിഭജനത്തെത്തുടർന്ന് രണ്ട് വാർഡുകൾ കൂടിയെങ്കിലും മുണ്ടക്കൈ വാർഡ് ഒഴിവാക്കിയതോടെ ഫലത്തിൽ 23 വാർഡുകളാണുണ്ടായത്. 11ാം വാർഡായ മുണ്ടക്കൈ ഒഴിവാക്കുകയും പകരം ചൂരൽമല പതിനൊന്നാം വാർഡായി മാറ്റുകയുമായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പതിനേഴും എൽഡിഎഫിന് അഞ്ചും സീറ്റുകളുണ്ടായിരുന്നു.പഞ്ചായത്ത് ഭരണം പിടിക്കാനായില്ലെങ്കിലും ദുരന്ത മേഖലയിലെ വാർഡുകളിൽ എൽഡിഎഫ് ജയിച്ചു. യുഡിഎഫ് ഭരിച്ചിരുന്ന ദുരന്തമേഖലയിലുള്ള 9, 10, 11 വാർഡുകളാണ് എൽഡിഎഫ് പിടിച്ചത്. വാർഡ് പത്ത് അട്ടമലയിൽ സിപിഐയിലെ ഷൈജ ബേബിയും പതിനൊന്ന് ചൂരൽമല, മുണ്ടക്കൈയിൽ സിപിഎമ്മിലെ കെ.കെ.സഹദും ഒമ്പത് പുത്തുമലയിൽ സിപിഎമ്മിലെ സീനത്തുമാണ് ജയിച്ചത്കഴിഞ്ഞ തവണത്തെ പ്രസിഡന്റ് കെ.ബാബു ഇത്തവണ മത്സരിച്ചില്ല. ചൂരൽമലയിൽ ജയിച്ച സഹദ് എൽഡിഎഫിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളശ്രീ പുരസ്കാരം ലഭിച്ച ഷൈജ മുമ്പ് മുണ്ടക്കൈ വാർഡിൽ മെംബറായിരുന്നു. ഉരുൾ ദുരന്തം ഉണ്ടായപ്പോൾ ഷൈജ തുടര്‍ച്ചയായി 11 ദിവസം മോര്‍ച്ചറിയില്‍ സേവനമനുഷ്ഠിച്ച് മൃതദേഹങ്ങൾ തിരിച്ചറിയുകയായിരുന്നു. മേപ്പാടി പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമായിരുന്നു ഷൈജ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe