സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 9 ന് ആദ്യം ഘട്ട തെരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ നടക്കും. രണ്ടാം ഘട്ടം ഡിസംബർ 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നടക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്.
ഒരു തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം/ മാതൃകാ പെരുമാറ്റച്ചട്ടമെന്ന് വിളിക്കുന്നത്. പ്രചാരണം, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരവും കൃത്യതയാർന്നതുമാക്കി മാറ്റുക എന്നതാണ് ഈ പെരുമാറ്റച്ചട്ടങ്ങളുടെ ഉദ്ദേശ്യം. സംസ്ഥാന ഭരണസംവിധാനം, പൊതുപണം തുടങ്ങിയവയെ ഭരിക്കുന്ന കക്ഷി ദുരുപയോഗം ചെയ്യുന്നത് ഇത് തടയുന്നു. ഈ പെരുമാറ്റച്ചട്ടത്തിന് വേണ്ടി പ്രത്യേക ബില്ലുകളൊന്നും പാസ്സാക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ചട്ടത്തിന്റെ ചരിത്രം
കേരളത്തിൽ നിന്നാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇഎംഎസ് സർക്കാരിനെ 1959 ജൂലൈ 31ന് കേന്ദ്രം പിരിച്ചുവിട്ടതിനു ശേഷം ഗവർണറുടെ ഭരണത്തിൻകീഴിലായി കേരളം. പിന്നീട് തെരഞ്ഞെടുപ്പ് നടക്കുന്നത് 1960 ഫെബ്രുവരി 1നാണ്. ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പെരുമാറ്റച്ചട്ടം സൃഷ്ടിക്കാൻ അന്നത്തെ അഡ്മിനിസ്ട്രേഷൻ ശ്രമിച്ചു. ഇതിനുശേഷം എട്ടു വർഷത്തിനു ശേഷം 1968 സെപ്തംബർ 26നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യത്തെ പെരുമാറ്റച്ചട്ടം പുറത്തിറക്കുന്നത്. അന്നതിനു പേര് ‘മിനിമം കോഡ് ഓഫ് കണ്ടക്ട്’ എന്നായിരുന്നു. 1968-69 കാലത്തെ ഇടക്കാല തെരഞ്ഞെടുപ്പികളിലാണ് ആദ്യത്തെ മിനിമം കോഡ് ഓഫ് കണ്ടക്ട് പ്രയോഗിച്ചത്. തുടർന്ന് 1979, 1982, 1991 and 2013 തുടങ്ങിയ വർഷങ്ങളിൽ കോഡ് ഓഫ് കണ്ടക്ട് പുതുക്കപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ട്.
പൊതുചട്ടം
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പോളിസികളെയും പ്രവര്‍ത്തന മികവിനെയും ആരോഗ്യകരമായ രീതിയില്‍ വിമര്‍ശിക്കാമെങ്കിലും അതിര് വിട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല.
പൊതു യോഗങ്ങള്‍
പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് ലോക്കല്‍ പൊലീസിനെ കണ്ട് അനുമതി വാങ്ങേണ്ടതാണ്. റാലികള്‍ക്ക് വേണ്ട സുരക്ഷ അതാത് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
ഘോഷയാത്രകള്‍
എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര് പാര്ട്ടിക്കാര് റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.
പോളിങ് ദിവസം
പോളിങ് ദിവസം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോളിങ് ബൂത്തിനകത്ത് നിര്‍ബന്ധമായും പാര്‍ട്ടിയുടെ പേരും ചിഹ്നവുമടങ്ങിയ ബാഡ്ജ് ധരിക്കണം.
പോളിങ് ബൂത്തുകള്‍
വോട്ടര്‍മാരല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ള വ്യക്തികള്‍ക്കും പോളിങ് ബൂത്തില്‍ കയറാവുന്നതാണ്. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും വോട്ട് കരസ്ഥമാക്കുന്നതിനുള്ള സംവിധാനങ്ങളും നടത്താന്‍ പാടുള്ളതല്ല.
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകരോട് പരാതിപ്പെടാവുന്നതാണ്.
ചട്ടം ലംഘിച്ചാൽ
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമ്മീഷന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും നോട്ടീസ് സമര്‍പ്പിക്കും. നോട്ടീസ് ലഭിച്ചയുടനെ പിന്നീട് അവര്‍ക്ക് അതിന് മറുപടി സമര്‍പ്പിക്കാം. കുറ്റക്കാരനാണെന്ന് സ്വമേധയാ സമ്മതിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രേഖാമൂലമുള്ള ശാസന ലഭിക്കും. വളരെ വലിയ അതിക്രമങ്ങളാണ് നടന്നതെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഐ.പി.സി അനുസരിച്ചോ ഇന്‍കം ടാക്സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാവുന്നതാണ്.
വര്‍ഗീയമായ രീതിയില്‍ വികാരം രൂപപ്പെടുത്തി വോട്ട് കരസ്ഥമാക്കുക/ പണം നല്‍കിയുള്ള വോട്ട് എന്നിവക്ക് കമ്മീഷന് ശക്തമായ രീതിയിലാണ് മുന്നോട്ട് പോകാറ്. ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ അത് സാധാരണ പാര്‍ട്ടിക്ക് തന്നെയാണ് ദോഷം ചെയ്യാറ്. ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെയോ സ്ഥാനാർഥിയെയോ മോശമായ രീതിയില്‍ എതിര്‍പാര്‍ട്ടിക്കാര്‍ ഉപയോഗിക്കുമെന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങളെ സൂക്ഷ്മതയോടെയാണ് സമീപിക്കാറുള്ളത്.
