ന്യൂഡൽഹി: അഹ്മദാബാദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് (എ.ടി.സി) ‘മേയ്‌ഡേ കോള്‍’ നൽകിയിരുന്നു. പിന്നാലെ നിശബ്ദതയായിരുന്നു.
എ.ടി.സിയിൽനിന്ന് പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. നിമിഷങ്ങൾക്കകം വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വലിയ സ്ഫോടന ശബ്ദത്തോടെ തീഗോളമായി. എ.ടി.സിയിൽനിന്നുള്ള പ്രതികരണം വിമാനം റിസീവ് ചെയ്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) വ്യക്തമാക്കി.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ എ.ഐ 171 വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാരാണ്. ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂർ വിമാനം പറത്തി പരിചയസമ്പത്തുണ്ട്.
സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂർ പരിചയസമ്പത്തുമുണ്ട്. വിമാനത്താവളത്തിലെ റൺവേ 23ൽനിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ എയർ ട്രാഫിക് കൺട്രോളിന് അപായ സൂചന നൽകിയിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ് ഫോമായ ഫ്ലൈറ്റ് റഡാറില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം അപകടത്തില്‍പ്പെടുന്നത്.
‘മേയ് ഡേ’ വന്ന വഴി…
‘മെയ്ഡേ’ എന്നത് വ്യോമ, സമുദ്ര യാത്രകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ദുരന്ത സന്ദേശമാണ്. ജീവൻ അപകടത്തിലാകുന്ന അടിയന്തര സാഹചര്യത്തിൽ പൈലറ്റുമാരും കപ്പിത്താന്മാരും റേഡിയോ സിഗ്നൽ ഉപയോഗിച്ച് ആശയവിനിമയം നടത്തും. സാഹചര്യത്തിന്റെ ഗൗരവം സൂചിപ്പിക്കാൻ ഈ പദം മൂന്ന് തവണ (‘മേയ്ഡേ, മേയ്ഡേ, മേയ്ഡേ’) ആവർത്തിക്കും.
വിമാനത്തിൽ, ‘മേയ്ഡേ’ എന്നത് ആസന്നമായ അപകടമോ ജീവന് ഭീഷണിയായ അടിയന്തര സാഹചര്യമോ സൂചിപ്പിക്കാൻ പൈലറ്റുമാർ ഉപയോഗിക്കുന്ന പദമാണ്. ‘എന്നെ സഹായിക്കൂ’ എന്നർഥം വരുന്ന ‘മേയ്ഡേ’ (‘M’aider) എന്ന ഫ്രഞ്ച് പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ വാക്കാണിത്. 1927ലാണ് ഔദ്യോഗികമായി ഈ വാക്ക് അംഗീകരിക്കപ്പെട്ടത്. മേയ്‌ഡേ എന്ന് പൈലറ്റ് തുടര്‍ച്ചയായി മൂന്നു തവണ പറയുന്നുണ്ടെങ്കില്‍ ജീവന്‍ അപകടത്തിലാണ് എന്നാണ് അര്‍ഥം.
അടിയന്തരമായി സഹായം ലഭ്യമാക്കണം എന്നും ഇത് സൂചിപ്പിക്കുന്നു. മറ്റു റേഡിയോ ട്രാഫിക്കുകളെല്ലാം നിർത്തിവെച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേയ്‌ഡേ കോളുകള്‍ക്ക് ആദ്യ പരിഗണന നല്‍കണം. റേഡിയോ വഴിയാണ് എയർ ട്രാഫിക് കൺട്രോളിലേക്കോ സമീപത്തുള്ള മറ്റ് വിമാനങ്ങളിലേക്കോ സന്ദേശം കൈമാറുന്നത്. അധികാരികളുടെയോ രക്ഷാ സേവനങ്ങളുടെയോ സമയബന്ധിതമായ ഇടപെടൽ ഉറപ്പാക്കാനും അടിയന്തര സഹായവും മുൻഗണനാ കൈകാര്യം ചെയ്യലും അഭ്യർഥിക്കാനുമാണ് പൈലറ്റുമാർ ‘മെയ്ഡേ’ ഉപയോഗിക്കുന്നത്.
അടിയന്തര സഹായം, എൻജിൻ തകരാര്‍, തീപിടിത്തം, നിയന്ത്രണം നഷ്ടപ്പെടല്‍ ഉൾപ്പെടെയുള്ള അപകട സാഹചര്യങ്ങളിലാണ് സാധാരണ പൈലറ്റുമാര്‍ മേയ്‌ഡേ കോള്‍ ഉപയോഗിക്കുന്നത്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            