എലത്തൂരിൽ വനംവകുപ്പ് മന്ത്രിക്കെതിരെ കർഷക സംഘടനാ പ്രതിനിധി അഡ്വ. സുമിൻ സ്ഥാനാർത്ഥി

news image
Mar 25, 2026, 10:10 am GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കർഷക സ്ഥാനാർത്ഥി. കേരള കർഷക മഹാപഞ്ചായത്തിന്റെയും വി ഫാം ഫാർമേഴ്‌സ് ഫൗണ്ടേഷന്റെയും പ്രതിനിധിയായി അഡ്വ. സുമിൻ എസ് നെടുങ്ങാടനാണ് വനംമന്ത്രിക്കെതിരെ മത്സരിക്കുന്നത്. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചാണ് വി ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

എ കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായിരുന്ന കഴിഞ്ഞ 5 വർഷത്തിൽ 600ലധികം മനുഷ്യരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ആദിവാസികളടങ്ങുന്ന ഭൂരിഭാഗം കുടുംബങ്ങൾക്കും നഷ്ടപരിഹാര തുക പോലും കൈമാറാൻ വനം വകുപ്പിനായിട്ടില്ല. വന്യമൃഗ ആക്രമണങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും മാന്യമായ നഷ്ടപരിഹാരം നൽകുവാനോ, മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനോ വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വീഴ്ച്ച വരുത്തിയെന്ന് കർഷക മഹാ പഞ്ചായത്ത് വിലയിരുത്തി.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവെ പൂർത്തീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത് വനം വകുപ്പാണെന്നും അവർ ആരോപിക്കുന്നു. ദേശീയ- സംസ്ഥാന പാതകളുടെ വികസനത്തിനും തടസ്സം നിൽക്കുന്നത് വനംവകുപ്പാണ്. മലയോര മേഖലയിൽ കർഷകർ എല്ലാ റവന്യൂ രേഖകളോടും കൂടി വർഷങ്ങളായി കൈവശം വെക്കുന്ന ഭൂമിക്ക് അവകാശം ഉന്നയിച്ച് വനം വകുപ്പ് കർഷകരെ ദ്രോഹിക്കുകയാണെന്നും വനം വകുപ്പ് മന്ത്രിയുടെ അറിവോടെ നടത്തുന്ന കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിനെതിരെ കർഷക മഹാപഞ്ചായത്തിന്റെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്തിയതെന്നും വി ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ വി ടി തോമസ് വെളിയം കുളം അദ്ധ്യക്ഷത വഹിച്ചു. ജോയി കണ്ണൻച്ചിറ, രാജു പൈകയിൽ, മാർഗരറ്റ് ടീച്ചർ, സെമിലി സുനിൽ, സണ്ണി കൊമ്മറ്റം, ടോമി മുതുകാട്, ലീലാമ്മ, ബാബു വിലങ്ങാട് എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe