എസ്എസ്എൽസി വിജയശതമാനം കുറഞ്ഞ സ്കൂളുകളുടെ ലിസ്റ്റ് എടുത്ത് സർക്കാർ; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം

news image
May 9, 2025, 3:21 pm GMT+0000 payyolionline.in

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം.

എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ.അതേസമയം സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ 99.5 ശതമാനമാണ് വിജയം. 61,449 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. റെക്കോർഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം. പരീക്ഷ എഴുതിയ 424583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. മെയ് 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. അഞ്ചംഗ അഡ്മിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹയര്‍ സെക്കന്‍ററി പ്രവേശനം. പ്രിൻസിപ്പലും സീനിയർ അധ്യാപകരും അടക്കം 5 പേർ കമ്മിറ്റിയിൽ വേണമെന്നും തീരുമാനമുണ്ട്. പ്രവേശന സമയത്തും അതിന് ശേഷവും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പി ടി എ കമ്മിറ്റികൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe