എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താന്‍ ഇനി നേർപകുതി സമയം മതിയാകും. ഗതാഗത രംഗത്ത് പുതിയ അധ്യായമാകാൻ ഒരുങ്ങി എൻഎച്ച്66. വീതി കൂട്ടൽ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ പൂർത്തിയാകും. ഇതോടെ 100 കിമീ വേഗതയിൽ റോഡുമാർഗം സഞ്ചരിക്കാനാകും കാസർഗോഡെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ മുക്കോല വരെയുള്ള 644 കിലോമീറ്റർ ദൈർഘ്യമുള്ള എൻഎച്ച്-66 ആറ് വരിയാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആകെ 22 റീച്ചുകളാണ് പ്രധാനമായും പാതയിലുളളത്. ഇതില്‍ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാവുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.ശേഷിക്കുന്ന റീച്ചുകളിൽ നിലവില്‍ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിട്ടുണ്ട്. എൻഎച്ച്-66 വീതികൂട്ടൽ പദ്ധതി ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് വിവിധ ജില്ലകളിലായി നിർമ്മിച്ച 50-ലധികം പിഡബ്ല്യുഡി റോഡുകളുടെയും 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം അടുത്തിടെ മുഹമമ്ദ് റിയാസ് നിർവഹിച്ചിരുന്നു.
യാത്രാ ദുരിതം കുറയും
മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത് യാത്ര ദുരിതം കുറയ്ക്കും. എൻഎച്ച് 66-ലെ വീതികൂട്ടൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ 220 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-തിരുവനന്തപുരം പാത രണ്ടര മണിക്കൂർ കൊണ്ട് തന്നെ പിന്നിടാനായേക്കും. ഇപ്പോൾ ദീർഘദൂരയാത്രയാണിത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാര്‍ഗം എത്തുന്നതിന് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയം വേണ്ടി വരും.
നിർമാണം പൂർത്തിയാകുന്ന പദ്ധതികൾ ഏതൊക്കെ?
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തിന്റെ വീതി കൂട്ടൽ ജോലികളുടെ 60 ശതമാനം ജോലികളും പൂർത്തിയായി. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ പാതയുടെ വീതികൂട്ടൽ പ്രവര്‍ത്തികള്‍ പൂർത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദിഷ്ട 1,166 കിലോമീറ്റർ ഹിൽ ഹൈവേയുടെ 166 കിലോമീറ്റർ പൂർത്തിയായിട്ടുണ്ട്. ഈ പദ്ധതിയുടെ 793 കിലോമീറ്റർ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് വഴിയാണ് ധനസഹായം നൽകുന്നത്. 315 കിലോമീറ്ററിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.കേരള റോഡ് ഫണ്ട് ബോർഡ് വികസിപ്പിച്ച മറ്റ് സ്മാർട്ട് റോഡുകളിൽ ഭൂഗർഭ പ്രോജക്റ്റുകൾ, ടൈൽ പാകിയ നടപ്പാതകൾ, പുനർനിർമ്മിച്ച മലിനജല ലൈനുകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവയുണ്ട്. റോഡുകൾ കുഴിക്കാതെ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കുന്ന പ്രത്യേക ചേംബറുകളുമുണ്ട്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            