മട്ടന്നൂർ : വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ രണ്ടാംദിവസവും കണ്ടെത്താനായില്ല. പുഴയിൽ ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തി. അഗ്നിരക്ഷാസേനയുടെ മൂന്ന് സ്കൂബാ ഡൈവിങ് ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
നാട്ടുകാരും ശനിയാഴ്ച മുതൽ തിരച്ചിലിനുണ്ട്. കുറ്റ്യാടി സ്വദേശി ഇർഫാന(18) യെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ പുഴയിൽ കാണാതായത്. ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പം ഒരു കുട്ടികൂടി ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷിക്കാനായി.
പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ പൂർണമായും അടച്ചാണ് തിരച്ചിൽ നടത്തിയത്. മട്ടന്നൂർ നഗരസഭാധികൃതരുടെ അഭ്യർഥന മാനിച്ചാണ് ഷട്ടറുകൾ പൂർണമായും അടച്ചത്.
റിസർവോയർ മേഖലയിലുള്ള സ്ഥലങ്ങളിൽ വെള്ളമുയർന്നതോടെ ഞായറാഴ്ച വൈകിട്ടോടെ ഷട്ടറുകൾ തുറന്നു. തിങ്കളാഴ്ചയും പുഴയിൽ തിരച്ചിൽ തുടരും.