അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. ബി സി സി ഐ യാണ് ഈക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. വിദേശ താരങ്ങളുടെ ഉള്‍പ്പടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റിയിരുന്നു. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് മത്സരവേദി മാറ്റിയത്. മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബിസിസിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര വേദി മാറ്റുന്നതില്‍ അന്തിമ തീരുമാനമായത്. എന്നാൽ ഇപ്പോൾ എല്ലാ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം, ജമ്മുവിൽ കനത്ത ജാഗ്രത നിർദേശം. ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതേസമയം, ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബി.എസ്.എഫ് യൂണിറ്റ് എക്സ് ഹാൻഡിലിൽ കുറിച്ചു.