ഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് കെജിഎംസിറ്റിഎ

news image
Oct 17, 2025, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: ഒക്ടോബർ 20 തിങ്കളാഴ്ച മുതൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും ഒപി നിർത്തിവച്ചു സമരം ചെയ്യുമെന്ന് കെജിഎംസിറ്റിഎ. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വാർത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് സമരം നടത്തി വരുന്നത്.

വാർത്താക്കുറിപ്പ്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിവരുന്ന സമരം ശക്തമാക്കുന്നു. 4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്നവയാണ്. ഇതിനോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജുകളിലേക്ക് അശാസ്ത്രീയമായ താൽക്കാലിക പുനർവിന്യാസത്തിലൂടെ ഡോക്ടർമാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കൽ കമ്മീഷൻ ൻ്റെയും കണ്ണിൽ പൊടിയിടുന്ന സമ്പ്രദായം ആണെന്നും അതിനു പകരം ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണം എന്നും കെജിഎംറ്റിഎ ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ഈ വിഷയങ്ങളിൽ ഒന്നും തന്നെ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള അനുകൂല നിലപാടും സ്വീകരിക്കാത്തതിനാൽ കടുത്ത സമരമുറ യുമായി പോകാൻ നിർബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭാഗമായി ഒക്ടോബർ 20 തിങ്കളാഴ്ച കേരളത്തിലെ എല്ലാ മെഡിക്കൽ കോളജ് കളിലെയും ഒപി നിർത്തിവച്ചുള്ള സമരം ആരംഭിക്കുകയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ അധ്യാപനം നിർത്തി വച്ചുള്ള സമരമുറയിൽ നിന്ന് സർക്കാർ മുഖം തിരിച്ച സന്ദർഭത്തിൽ ആണ് ഒപി നിർത്തി വച്ചുള്ള സമരമാർഗം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായത്. ഇത്തരത്തിൽ ഒരു സമരരീതിയിലേക്ക് ഞങ്ങളെ തള്ളിവിട്ടതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം സർക്കാരിന് മാത്രമാണ്.

നിലവിലെ അവസ്ഥയിൽ തന്നെ രോഗികളുടെ എണ്ണത്തിന്റെ അനുപാതത്തിനും ആധുനിക ചികിത്സാ രീതികളുടെ പ്രയോഗത്തിനും അനുസരിച്ചുള്ള ചികിത്സ നൽകുന്നതിന് പഴയ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പോലും ഡോക്ടർമാരുടെ അഭാവം രൂക്ഷമാണ്. ഇതിനിടയിലാണ് ഉള്ള ഡോക്ടർമാരെ പോലും യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത പുതിയ കോളേജുകളിലേക്ക് സ്ഥലം മാറ്റുന്നത്. ഇത് നമ്മുടെ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തിൽ അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ത്രിതല ആരോഗ്യസംവിധാനത്തിലെ ഉച്ചസ്ഥായിയിലുള്ള ഇത്തരം ചികിത്സാ സംവിധാനങ്ങൾ പാവപ്പെട്ടവർക്ക് അപ്രാപ്യമാക്കുന്ന ഈ നയത്തിനെതിരെ കൂടിയാണ് ഈ സമരം എന്നത് പൊതുജങ്ങൾ മനസ്സിലാക്കണമെന്നും ഞങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പണിമുടക്കുന്ന ഒപി ദിവസങ്ങളിൽ ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സാന്നിധ്യം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അത്യാവശ്യചികിത്സ ആവശ്യമുള്ളവർ മാത്രം ഒക്ടോബർ 20 തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുവാൻ ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിനു ശേഷവും സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ഒക്ടോബർ 28- ചൊവ്വാഴ്ച, നവംബർ 5 – ബുധനാഴ്ച, നവംബർ 13 – വ്യാഴം, നവംബർ 21 – വെള്ളി, നവംമ്പർ 29 – ശനി എന്ന ക്രമത്തിൽ ഒ.പി. ബഹിഷ്കരണം തുടരും. ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്കരിക്കുന്നതാണ്. ഇതിനോടൊപ്പം ചട്ടപ്പടി സമരം തുടങ്ങുകയും നിസ്സഹകരണ സമരം തുടരുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe