തിരുവനന്തപുരം:ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷൻകടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്.
ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. 6 ലക്ഷത്തിലധികം AAYകാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം നടത്തുന്നുണ്ട്. ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2112 കെ-സ്റ്റോറുകളാണ് ഉള്ളത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            