ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയക്കെതിരെയുള്ള സർക്കാർ നീക്കത്തിന് പൂർണ്ണ പിന്തുണയുമായി കെ.എൻ.എം

news image
Jul 1, 2026, 4:31 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽ വന്നതിന് പിന്നാലെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ പ്രശംസനീയമാണെന്ന് കെ.എൻ.എംകോഴിക്കോട് നോർത്ത് ജില്ലാ നേതൃസംഗമം വ്യക്തമാാക്കി. നാടിന്റെ പൊതുവികാരം മനസ്സിലാക്കി ലഹരി മാഫിയകളെ നിർമാർജനം ചെയ്യാനും ക്രിയാത്മകമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് നവോത്ഥാന പ്രസ്ഥാനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് യോഗം പ്രഖ്യാപിച്ചു. ലഹരിപദാർത്ഥങ്ങൾക്ക് പുറമെ, സമൂഹത്തെ നശിപ്പിക്കുന്ന മദ്യത്തിന്റെ വ്യാപനം കൂടി തടയാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

കെ.എൻ.എം സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.പി. അബ്ദുസ്സലാം മാസ്റ്റർ നേതൃസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. പോക്കർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.കെ.എം. സകരിയ്യ, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ, എം.എസ്.എം ജില്ലാ പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് കെ.പി, ടി.പി. മൊയ്തു വടകര, ടി.വി. അബ്ദുൽ ഖാദർ, വി. അബ്ദുറഹ്മാൻ, എൻ. കുഞ്ഞബ്ദുല്ല മാസ്റ്റർ, എ.പി. അബ്ദുൽ അസീസ്, അലി കിനാലൂർ, കീപ്പോടി മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.

നോർത്ത് ജില്ലയിലെ 10 മണ്ഡലം സെക്രട്ടറിമാർ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ ആദ്യവാരം മുതൽ ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനുള്ള പ്രവർത്തന രൂപരേഖയ്ക്കും യോഗം അംഗീകാരം നൽകി. കെ.എൻ.എം മുൻ സംസ്ഥാന കൗൺസിലർ ബാലുശ്ശേരി കൊല്ലങ്കണ്ടി അബ്ദു റഹീമിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe