‘ഓഫീസാണ് പിണറായി വിജയന് പറ്റിയ അബദ്ധം,അദ്ദേഹം അറിയാതെ ഒരു കൂട്ടർ ആഭ്യന്തര മന്ത്രി ഭരണം നടത്തി’: വെളളാപ്പള്ളി

news image
May 8, 2026, 11:52 am GMT+0000 payyolionline.in

കൊല്ലം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി വെളളാപ്പളളി നടേശൻ. മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കാനുളള ഉത്തരവാദിത്തം ഹൈക്കമാൻഡിനാണെന്നും അത് അവർ തന്നെ തീരുമാനിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. പരിഗണനയിലുളള മൂന്നുപേരും ഒരുപോലെ യോഗ്യരാണെന്നും ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ വളരെയധികം സന്തോഷമുണ്ടാകുമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. കേരളത്തിൽ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിയ്ക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ലെന്നും ആര് വന്നാലും പോയാലും തനിക്കൊരു ചുക്കുമില്ലെന്നും വെളളാപ്പളളി പറഞ്ഞു.

‘ആലപ്പുഴയിൽ മിടുക്കരായ എത്ര പേരാണുളളത്. ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ വളരെയധികം സന്തോഷം. ആലപ്പുഴയ്ക്ക് പരിഗണന നൽകിയാൽ നല്ലത്. കേരളത്തിൽ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണം. അവർ ഒത്തുപറയുന്ന ഒരാളായിരിക്കണം ഇവിടെ മുഖ്യമന്ത്രി എന്നാണ് അവരുടെ നിലപാട്. മുസ്‌ലിം ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ ചാടിക്കളിക്കാൻ സതീശൻ തയ്യാറാണ്. സതീശൻ എസ്എൻഡിപിക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല. ആര് വന്നാലും പോയാലും ഒരു ചുക്കുമില്ല. സതീശൻ ആയാൽ എന്റെ രോമത്തിൽ തൊടുമോ? അവരുടെ കൊച്ച്, അവരുടെ കുളം, അതിൽ ആര് വീണ് ചത്താലും എനിക്കൊരു കുഴപ്പവുമില്ല’- വെളളാപ്പളളി നടേശ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സിപിഐഎം തീരുമാനിക്കട്ടെ എന്നും വെളളാപ്പളളി പറഞ്ഞു. ‘പിണറായി വിജയൻ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞത് എന്റെ ആഗ്രഹമാണ്. ചെത്തുകാരന്റെ മകൻ എന്ന് പറഞ്ഞത് അന്തസ്സോടെയാണ്. അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഭരണത്തിന്റെ മുഴുവൻ പരാജയവും അദ്ദേഹത്തിന്റെ തലയിൽ വയ്ക്കാനാണ് നോക്കുന്നത്. പിണറായി വിജയൻ മിടുക്കനും കരുത്തനുമാണ്. ഓഫീസിലുളളവർ അദ്ദേഹത്തെ കൂട്ടിലിട്ട തത്തയെപ്പോലെ ഇരുത്തി. ഓഫീസാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. അദ്ദേഹം അറിയാതെ ഒരു കൂട്ടർ ആഭ്യന്തര മന്ത്രി ഭരണം നടത്തി. പിണറായി കുറ്റക്കാരൻ എന്ന് പറയുന്നത് നന്ദി ഇല്ലായ്മയാണ്. എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്’-വെളളാപ്പളളി പറഞ്ഞു.

യു പ്രതിഭയുടെ തോൽവിയിലും അദ്ദേഹം പ്രതികരിച്ചു. പ്രതിഭയെ തോൽപ്പിച്ചത് താൻ ആണെങ്കിൽ അതൊരു പൊൻതൂവലാണെന്നും പാവപ്പെട്ട ചിത്തരഞ്ജൻ പോലും തോറ്റുപോയില്ലേ എന്നും വെളളാപ്പളളി പറഞ്ഞു. പ്രതിഭയുടെ മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു. പ്രതിസ്ഥാനത്ത് നിന്ന് മകൻ എങ്ങനെയാണ് മാറിയത്? എല്ലാം ജനം കണ്ടുകൊണ്ടിരിക്കുകയാണ്. അവസരം കിട്ടിയപ്പോൾ ജനം വെച്ച് താങ്ങി. അവരവരുടെ പിടിപ്പുകേടും കഴിവുകേടും മറച്ചുവയ്ക്കാൻ അങ്ങനെ പലതും പറയും. നന്മയുണ്ടായാൽ അവിടെയും തിന്മയുണ്ടായാൽ വെളളാപ്പളളിയുടെ തലയിലും വയ്ക്കരുത്’- വെളളാപ്പളളി പറഞ്ഞു. മാത്യു കുഴൽനാടനോട് ലീഗ് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായം പറഞ്ഞതിന് ഫ്‌ളക്‌സിൽ നിന്നും പെടലി വെട്ടിയെന്നും കുഴൽനാടൻ ചെറിയ ആളല്ലെന്നും വെളളാപ്പളളി പറഞ്ഞു. ലീഗ് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe