കാക്കൂർ: ഓൺ ലൈനായി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് 22.78 ലക്ഷം രൂപ തട്ടിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎംപറമ്പ് അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് നജീം (25) എന്നിവരെയാണ് കാക്കൂർ ഇൻസ്പെക്ടർ സജു ഏബ്രഹാം അറസ്റ്റ് ചെയ്തത്. നരിക്കുനി പാറന്നൂർ സ്വദേശിയിൽ നിന്ന് പല തവണകളായാണു 2278528 രൂപ പ്രതികൾ തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
പെരുവണ്ണാമൂഴി ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൂക്കോട്ടുംപാടം ലക്ഷ്മിയിൽ വിനോദ് കുമാറിനെയാണ്((49) പെരുവണ്ണാമൂഴി ഇൻസ്പെക്ടർ പി.അജിത്ത് കുമാർ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പിള്ളപ്പെരുവണ്ണ സ്വദേശി സജീറിന്റെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്. വാട്സാപ് ലിങ്ക് മുഖേന ഓൺലൈൻ ട്രേഡിങ് നടത്തി ഒട്ടേറെ തവണ ഓൺലൈൻ ഇടപാടിലൂടെയാണു പ്രതി പണം കൈക്കലാക്കിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത്. കൂടുതൽ കണ്ണികൾ തട്ടിപ്പിനു പിന്നിലുണ്ടെന്നാണു പൊലീസ് പറയുന്നത്.
നാദാപുരം∙ ലാഭം വാഗ്ദാനം ചെയ്ത് വെബ്സൈറ്റ് വഴി ചെക്യാട് അമ്പൂന്റപറമ്പുമുക്ക് സ്വദേശിയിൽ നിന്ന് 7,14,036 രൂപ കൈക്കലാക്കി വഞ്ചിച്ചെന്നു പരാതി. എ.എസ്.സഞ്ജനയ്ക്ക് എതിരെ വളയം പൊലീസ് കേസെടുത്തു. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് പണം നഷ്ടമായത്. ആദ്യം ലാഭ വിഹിതം നൽകിയ തട്ടിപ്പുകാർ പിന്നീട് പാസ് വേഡ‍് മാറിയതായും പണം പിൻവലിക്കാൻ ഇനി കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. ശരിയായ പാസ് വേഡ് ആവശ്യപ്പെട്ടപ്പോൾ അതിനു 6 ലക്ഷം രൂപ സെക്യൂരിറ്റി നിക്ഷേപം ആവശ്യപ്പെട്ടു. തുടർന്ന് സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നാണ് വളയം പൊലീസ് കേസെടുത്തത്. ജനുവരി മുതൽ വിവിധ ഘട്ടങ്ങളിലായാണ് പണം നഷ്ടമായത്