കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്നു യുവാവു ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. ഇന്നലെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സംസ്കാരം നടത്തി. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് അരീക്കോട് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉറങ്ങാൻ പോയ ദീപക് രാവിലെ ഏഴരയ്ക്കും മുറി തുറക്കാത്തതിനെ തുടർന്നു മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. കട്ടിലിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ടാബും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി.
