കോഴിക്കോട്: സ്കൂൾ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.

ഇതനുസരിച്ച് ജൂൺമാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർമുൻപും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും.
മാത്രമല്ല, സ്കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂൾ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികൾ ഏതെങ്കിലും തരത്തിൽ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ 9656178000, 9447178000, ടോൾഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകൾക്ക് കീഴിൽ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            