കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്ന് ഭീഷണി സന്ദേശം. സാക്ഷികളായ യഹോവ സാക്ഷികൾ വിശ്വാസികൾക്ക് വിദേശ നമ്പറിൽ നിന്നുമാണി ഭീഷണി കോളുകൾ ലഭിച്ചത്. പ്രതിക്കെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്നാണ് ഭീഷണി.
2023 ഒക്ടോബർ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവൻഷനിലാണ് സ്ഫോടനമുണ്ടായത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാർട്ടിൻ തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപ് (24), അമ്മ റീന ജോസ് (സാലി- 45), സഹോദരി ലിബിന (12), തൊടുപുഴ സ്വദേശി കുമാരി (53), കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60), ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, ഇടുക്കി വണ്ടമറ്റം സ്വദേശി ലില്ലി ജോൺ (76) എന്നിവരാണ് മരിച്ചവർ.