കള്ള്‌ വ്യവസായ മേഖലയെ ആധുനികവത്‌ക്കരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല; പുതിയ മദ്യനയം സന്തുലിതമായത്‌: മന്ത്രി എം ബി രാജേഷ്‌

news image
Jul 27, 2023, 7:37 am GMT+0000 payyolionline.in

തിരുവനന്തപുരം :  സർക്കാരിന്റെ പുതിയ മദ്യനയം ഒരുവിധത്തിലും ചെത്ത്‌ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതെല്ലെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ത്രീ സ്‌റ്റാർ ക്ലാസിഫിക്കേഷന്‌ മുകളിലുള്ള റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവർക്ക്‌ അവരുടെ സ്ഥലത്തുള്ള വൃക്ഷങ്ങൾ ചെത്തി ഗുണനിലവാരമുള്ള കള്ള്‌ അതിഥികൾക്ക്‌ കൊടുക്കാം എന്നാണ്‌ നയത്തിലുള്ളത്‌. ടോഡി ബോർഡ്‌ ഉടൻ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

“കള്ള്‌ വ്യവസായത്തെയും ദോഷകരമായി ബാധിക്കുന്നതല്ല പുതിയ മദ്യനയം. അങ്ങനെയൊരു ആരോപണം തെറ്റിധാരണയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതാണ്‌. കള്ള്‌ വ്യവസായ മേഖലയെ ആധുനികവത്‌ക്കരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. ഇന്നത്തെ നിലയിൽ ഭാവി ഇല്ല. സർക്കാരിന്റെ ഉദ്ദേശം ചെത്ത്‌ തൊഴിലാളികളെയും കള്ള്‌ വ്യവസായത്തേയും സംരക്ഷിക്കുക എന്നതാണ്‌. പുതിയ നിലയിൽ മാത്രമേ ഇനി സംരക്ഷിക്കാനാകൂ. അതിനാണ്‌ ഊന്നൽ കൊടുക്കുന്നത്‌. മദ്യനയത്തിന്‌ ടൂറിസം മേഖലയിൽ നിന്ന്‌ വന്നിട്ടുള്ള പ്രതികരണം വളരെ അനുകൂലമാണ്‌. ടൂറിസം കേരളത്തെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനമാണ്‌. കേരളത്തിന്റെ വരുമാനം സമ്പദ്‌ഘടനക്കൊക്കെ വളരെ നിർണായകമാണ്‌ ടൂറിസം. യാഥാർത്ഥ്യബോധത്തോടെയുള്ള സന്തുലിതമായ ഒരു മദ്യനയമാണ്‌ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്‌. അതിനെതിരായിട്ടുള്ള ആരോപണങ്ങൾ രാഷ്‌ട്രീയമായി മാത്രം കണ്ടാൽമതി.

വിദേശമദ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കുക. അതിലൂടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുക എന്നതാണ്‌ ഉദ്ദേശം. കൃഷിക്കാർക്ക്‌ മൂല്യവർധനവിനുകൂടി സഹായിക്കുന്ന തരത്തിലാണ്‌ മദ്യനയം. പഴം, പച്ചക്കറി എന്നിവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള നിർദേശം അങ്ങനെയണ്‌. പ്ലാന്റേഷൻ അടിസ്ഥാനത്തിൽ മറ്റ്‌ മേഖലകളിലും ചെത്ത്‌ പ്രാത്സാഹിപ്പിക്കാനുള്ള സമീപനമുണ്ടാകും. ഇതെല്ലാം കൃഷിക്കാർക്കും ഗുണകരമായിട്ടാണ്‌ വരിക. വളരെ ദീർഘവീക്ഷണമുള്ള മദ്യനയമാണ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

മദ്യവർജനം എന്നതാണ്‌ സർക്കാരിന്റെ നയം. സർക്കാർ ഒരുകാലത്തും നിരോധനത്തെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌ വസ്‌തുതകൾക്ക്‌ വിരുദ്ധമാണ്‌ എന്നതിന്റെ ഉദാഹരണം പറയാം. ഇപ്പോൾ മദ്യം ഒഴുക്കിയല്ല, ലഹരിയെ പ്രോത്സാഹിപ്പിക്കുകയല്ല സർക്കാർ ചെയ്‌തിട്ടുള്ളത്‌. വിമുക്തി മിഷൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ചതാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അത്തരമൊരു ലക്ഷ്യമേ ഉണ്ടായിരുന്നില്ല. 14 ജില്ലകളിലും ഡി അഡിക്‌ഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. ലഹരിക്കെതിരെ, പ്രത്യേകിച്ച്‌ മയക്കുമരുന്നിനെതിരെ രാജ്യത്തിന്‌ തന്നെ മാതൃകയാകുന്ന രീതിയിൽ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള ക്യാമ്പയ്‌ൻ, സംസ്ഥാനതലം മുതൽ വാർഡ്‌ വിദ്യാഭ്യാസ തലംവരെ ലഹരിവിരുദ്ധ സമിതികൾ അതുവഴി നിരന്തരമായിട്ടുള്ള മോണിട്ടറിങ്‌ ഇതെല്ലാം ഈ സർക്കാരിന്റെ കാലത്ത്‌ നടപ്പാക്കിയിട്ടുള്ളതാണ്‌. എക്‌സൈസ്‌ ഏറ്റവും ഫലപ്രദമായും ശക്തമായും ഇടപെട്ടുകൊണ്ടിരിക്കുന്നത്‌ ഈ സർക്കാരിന്റെ കാലത്താണ്‌. ഇന്നലെയാണ്‌ ലഹരിക്കേസിൽ പ്രതികളാകുന്നവർക്ക്‌ പരോൾ അനുവദിക്കില്ല എന്ന ഉത്തരവ്‌ ആഭ്യന്തരവകുപ്പ്‌ പുറപ്പെടുവിച്ചത്‌. സർക്കാരിന്റെ അക്കാര്യത്തിലെല്ലാമുള്ള ദൃഢനിശ്‌ചയം വ്യക്തമാണ്‌. ഇത്‌ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ട്‌ രാഷ്‌ട്രീയ ആരോപണം ഉന്നയിക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌ ചെയിതിട്ടുള്ളത്‌’ – മന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe