ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ചെലവേറും. മൂന്നാഴ്ചക്കിടെ മൂന്നാം തവണയും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി. വിവിധ ആഘോഷങ്ങളുടെ സീസണായതിനാൽ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കളുടെ പോക്കറ്റ് കീറുന്ന തരത്തിലുള്ള തീരുമാനം കമ്പനി എടുത്തിരിക്കുന്നത്.

ഒരു ഓർഡറിന് 15 രൂപയാണ് പുതിയ ഉയർത്തിയ പ്ലാറ്റ്‌ഫോം ഫീസ്. കഴിഞ്ഞ മാസം 16 ന് 12 രൂപയാക്കി ഉയർത്തിയിരുന്നു. പിന്നീടത് 14 രൂപയാക്കി വീണ്ടും കൂട്ടി. ഈ തുകയാണ് വീണ്ടും വർധിപ്പിച്ച് 15 ആക്കിയിരിക്കുന്നത്. 2023 ഏപ്രിലിൽ പ്ലാറ്റ്‌ഫോം ഫീസ് ആദ്യമായി ഒരു ഓർഡറിന് ₹2 എന്ന നിരക്കിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്.
പ്രതിദിനം 20 ലക്ഷത്തിലധികം ഓർഡറുകളാണ് സ്വിഗ്ഗി പ്രോസസ് ചെയ്യുന്നത്. അതായത്, പ്രതിദിനം ഏകദേശം ₹3 കോടി രൂപയും വർഷാവാവസാനം ₹216 കോടിയും വരുമാനം കൊയ്യാൻ ഇതിലൂടെ കമ്പനിക്ക് സാധിക്കും. സീസണൽ ഡിമാൻഡ് വർദ്ധനവിന് അനുസരിച്ച് മറ്റൊരു പ്രമുഖ ഡെലിവറി സ്ഥാപനമായ സൊമാറ്റോയും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഓർഡറിന് ₹10 ൽ നിന്ന് ₹12 ആയിട്ടാണ് ഉയർത്തിയത്.
അതേസമയം വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം നികത്താനാണ് ഈ ഫീസുയർത്തൽ എന്നാണ് വിദഗ്ധർ പറയുന്നത്. 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സ്വിഗ്ഗിയുടെ അറ്റനഷ്ടം ഏകദേശം ₹1,197 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            