കാരികുളത്ത് ജനവാസ മേഖലയിൽ ആനക്കൂട്ടം

news image
Jan 12, 2023, 5:47 am GMT+0000 payyolionline.in
പാലപ്പിള്ളി: കാരികുളം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി.  ബുധനാഴ്ച രാവിലെയാണ് ഒമ്പത്‌ ആനകൾ നാട്ടിലിറങ്ങി ഭീതിപരത്തിയത്. കാരികുളത്ത് തമ്പടിച്ച ആനകളെ നാട്ടുകാർ ചേർന്നാണ് ഓടിച്ചുവിട്ടത്. പിള്ളത്തോട് ഭാഗത്തെത്തിയ ആനകൾ റോഡ് മുറിച്ചുകടന്ന് നടാമ്പാടത്തെ റബർ ത്തോട്ടത്തിലെത്തുകയായിരുന്നു. തോട്ടത്തിലെ പാൽപ്പുരയും പാൽ സംഭരിക്കുന്ന ഡ്രമ്മുകളും ആനക്കൂട്ടം തകർത്തു.
കൂട്ടത്തോടെയെത്തിയ ആനകളെ കണ്ട് ടാപ്പിങ്‌ നടത്തിയിരുന്ന സ്ത്രീത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു. പഞ്ചായത്തംഗവും   ഫോറസ്റ്റ് വാച്ചർമാരും തൊഴിലാളികളും ചേർന്ന് ആനകളെ കാട്ടിലേക്ക് ഓടിച്ചു. കള്ളായി ഭാഗത്തേക്ക് പോയ ആനകൾ വീണ്ടും ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്ച ഇരുപതോളം കാട്ടാനകൾ പട്ടാപ്പകൽ ഈ ഭാഗത്ത് ഇറങ്ങി നാട്ടുകാർക്കിടയിൽ ഭീതി പരത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഡിഎഫ്ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും ആനകളെ കാടുകയറ്റാനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തോട്ടം തൊഴിലാളികൾ ഒന്നിച്ചുനിന്ന് ഒരു ഭാഗത്ത് ടാപ്പിങ്‌ നടത്തണമെന്ന അധികൃതരുടെ നിർദേശം തൊഴിലാളികൾ അംഗീകരിച്ചിട്ടുമില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe