മൊബൈൽ ആപ്ലിക്കേഷനിലെ കാസ്റ്റിങ് സേവനം നിർത്തലാക്കാൻ തീരുമാനവുമായി നെറ്റ്ഫ്ലിക്സ്. ഫോൺ ഡിവൈസ് ആപ്ലിക്കേഷൻ ടിവി, ലാപ്ടോപ്പ് എന്നിവയുമായി കണക്ട് ചെയ്ത് സിനിമയും മറ്റും കാണാൻ സഹായിക്കുന്നതായിരുന്നു ഈ ഫീച്ചർ.
ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് തേർഡ് പാർട്ടി ഡിവൈസുകളിൽ മൊബൈൽ ആപ്ലിക്കേഷൻ കണക്ട് ചെയ്യുന്നതിനുള്ള സൗകര്യം നീക്കം ചെയ്യുന്നതെന്നാണ് നെറ്റ് ഫ്ലിക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടിവി സ്ട്രീമിങ് ഡിവൈസിനോ ടിവിക്കോ റിമോട്ട് ഉണ്ടെങ്കിൽ കാസ്റ്റ് ചെയ്യുന്നതിന് പകരം റിമോട്ടുപയോഗിച്ച് നെറ്റ്ഫ്ലിക്സ് ആപ്പ് നിയന്ത്രിക്കാം.
പുതിയ ടിവി ഡിവൈസുകളിൽ കാസ്റ്റിങ് ഫീച്ചർ ഇല്ലെങ്കിലും പഴയ ഡിവൈസുകളിൽ ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഇതിന്റെ ഉപയോഗം സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും അപ്ഡേഷൻ നടക്കുന്നതോടെ ഇത് ലഭ്യമല്ലാതാകുമെന്നും നെറ്റ് ഫ്ലിക്ല്സ് അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷൻ പ്ലാൻ ഉപയോഗിച്ച് അധിക ചാർജ് ഒന്നും തന്നെ നൽകാതെ ടിവി ഡിവൈസുകളിൽ സ്ട്രീം ചെയ്യുന്നത് ഒഴിവാക്കലാണ് നെറ്റ്ഫ്ലിക്സിന്റെ നടപടിക്ക് പിന്നിൽ.
