കോഴിക്കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ മാവൂർ റോഡ് ജങ്ഷനിൽ കാൽനടയാത്രക്കാർക്കായി ഒരുക്കിയ നടപ്പാത ഇപ്പോൾ വലിയൊരു ചതിക്കുഴിയായി മാറിയിരിക്കുകയാണ്. ഖത്തർ ബസാറിന് മുന്നിലായി, ഷിപ്പ് മാളിന് എതിർവശത്തുള്ള നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ വലിയ വിടവാണ് കാൽയാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്. ഓവുചാൽ കഴിയുന്ന ഈ ഭാഗത്തെ കുഴിയിൽ വീണ് ഇതിനകം നാലുപേർക്ക് പരിക്കേറ്റിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപത്തെ വ്യാപാരിയായ ഇർഫാദ് വ്യക്തമാക്കുന്നു.
ഒരു മാസത്തിലേറെയായി ഈ ഭാഗത്തെ നടപ്പാതയുടെ വശം തകർന്നുകിടക്കുകയാണ്. തിരക്കേറിയ സമയങ്ങളിൽ നടപ്പാതയിലൂടെ പോകുന്ന കാൽനടയാത്രക്കാരാണ് ഇവിടെ അബദ്ധത്തിൽ കാൽതെറ്റി വീഴുന്നത്. വരുംദിവസങ്ങളിൽ മഴ പെയ്ത് വെള്ളം കുത്തിയൊലിച്ചുവന്നാൽ ഈ കുഴി പൂർണ്ണമായും കാണാത്ത അവസ്ഥയിലാകും. ഇതിന് പുറമെ രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഈ കുഴിയുടെ ആഴം മനസ്സിലാക്കാൻ യാത്രക്കാർക്ക് സാധിക്കാത്തതും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്.
തുടർച്ചയായി ആളുകൾ വീണ് പരിക്കേൽക്കാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ട അധികൃതർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നാണ് പ്രദേശത്തെ കച്ചവടക്കാർ പറയുന്നത്. നഗരമധ്യത്തിലെ ഈ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും നടപ്പാതയുടെ തകർന്ന ഭാഗത്തെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നുമാണ് ഇപ്പോൾ നാട്ടുകാരും വ്യാപാരികളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.
