കോഴിക്കോട് : ആശുപത്രികളിൽ താൽക്കാലിക ചികിത്സ തേടുന്നവർക്കു നൽകുന്ന മരുന്നുകൾക്കും ഉപകരണങ്ങൾക്കും ജിഎസ്ടി ഒഴിവാക്കി സംസ്ഥാന ജിഎസ്ടി അഡ്വാൻസ് റൂളിങ് അതോറിറ്റി.

ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്കു (ഇൻ–പേഷ്യന്റ്) നൽകുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള 18% വരെയുള്ള ജിഎസ്ടി ഇളവ് ഇനി മറ്റു രോഗികൾക്കും ലഭ്യമാകും. അതേസമയം, ആശുപത്രി ശുശ്രൂഷ ഉൾപ്പെടാത്ത, രോഗ പരിശോധന മാത്രം നടത്തി കുറിച്ചു കൊടുക്കുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും നികുതിയിളവു ബാധകമാവില്ല.ആശുപത്രിക്കു പുറത്തു നിന്നു വാങ്ങാവുന്ന ഇവരുടെ മരുന്നുകൾക്ക് ജിഎസ്ടി തുടരും. ഡയാലിസിസ്, കീമോ തെറപ്പി തുടങ്ങിയ വിഭാഗങ്ങളിലെ രോഗികൾ, അപകടം സംഭവിച്ച് ആശുപത്രിയിൽ താൽക്കാലിക ചികിത്സയ്ക്കെത്തുന്നവർ, ഐപി ആകാതെ തന്നെ
ചെറിയ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവർ തുടങ്ങി ഡേ കെയർ വിഭാഗത്തിൽ വരുന്ന രോഗികൾക്കു നൽകുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള ജിഎസ്ടിയാണു പൂർണമായി ഒഴിവാക്കുക.
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് നൽകിയ അപേക്ഷയിലാണ് അതോറിറ്റിയുടെ തീരുമാനം. അപേക്ഷ നൽകിയ സ്ഥാപനത്തിനു മാത്രമാണ് അഡ്വാൻസ് റൂളിങ് അതോറിറ്റിയുടെ ഉത്തരവ് ബാധകമാവുകയെന്നതിനാൽ, ഈ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർക്കു മാത്രമാണു തൽക്കാലം ഇളവു ലഭിക്കുക. അപേക്ഷ നൽകിയാൽ കേരളത്തിലെ മറ്റു സ്വകാര്യ, സർക്കാർ ആശുപത്രികൾക്കും ഉത്തരവു ബാധകമാകുകയും രോഗികൾക്ക് ആശ്വാസമാകുകയും ചെയ്യും.
കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംസ്ഥാനതല സംവിധാനമാണ് അഡ്വാൻസ് റൂളിങ് അതോറിറ്റി. അതോറിറ്റിക്കു ദേശീയ തലത്തിൽ അപ്പീൽ അതോറിറ്റിയുമുണ്ട്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            