പയ്യോളി: കിഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം ഒരാളന്മാരുടെയും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കായുള്ള നെല്ല് അളവ് ചടങ്ങ് നടത്തി. തുടർന്ന് ക്ഷേത്ര നടയിൽ ഭക്തജനങ്ങളുടെ കൂട്ടപ്രാർത്ഥനയും നടന്നു.
15ന് വൈകിട്ട് ക്ഷേത്രത്തിലെ തിരുവായുധം പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനുള്ള അനുവാദം വാങ്ങൽ ചടങ്ങ് ആയ വെറ്റിലക്കെട്ടുവെപ്പ് നടക്കും. 16ന് കാലത്ത് കലശാഭിഷേകവും വിശേഷാൽ പൂജകളും വൈകിട്ട് ചെട്ടിത്തറയിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പും തുടർന്ന് മുല്ലക്കൽ പാട്ടും നടക്കും. 17ന് കാലത്ത് ഭണ്ഡാരംവെപ്പും വൈകിട്ട് കീഴൂരിൽ ഇളനീർ കൊടുക്കൽ ചടങ്ങും നടക്കും. വൃശ്ചികം ഒന്നു മുതൽ 25 ദിവസം ഭക്തജനങ്ങളുടെ വഴിപാടായ നിറമാലയും വിളക്കിൻ എഴുന്നള്ളിപ്പും നടക്കും. ഡിസംബർ 10ന് ഉത്സവം കൊടിയേറും.
