കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ ഇടവഴികള്‍ മുതല്‍ പ്രധാന റോഡുകള്‍ വരെ എല്ലാ റോഡുകളും തകര്‍ന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കൊയിലാണ്ടി നഗരസഭയുടെ ഭരണസംവിധാനങ്ങളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് – നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നഗരസഭ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചില്‍ നഗരസഭയ്‌ക്കെതിരായ വികാരം ആഞ്ഞടിച്ചു.
‘ അഴിമതിയില്‍ മുങ്ങിക്കുളിച്ച നഗരസഭയാണ് കൊയിലാണ്ടിയിലേത്, കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. സമഗ്ര കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2016ല്‍ ആരംഭിച്ച പദ്ധതിക്കായി ആദ്യ തവണ 85 കോടി രൂപയും രണ്ടാം തവണ 120 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പത്ത് വര്‍ഷം പൂര്‍ത്തിയാകാറായിട്ടും പദ്ധതി എവിടെയും എത്തിയില്ല എന്ന് മാത്രമല്ല നഗരസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും അനധികൃത കരാറുകളിലുടെ വന്‍തുകയും അഴിമതി കാണിക്കുവാനുമായാണ് നാട്മുഴുവന്‍ കുഴിയെടുത്ത് റോഡുകള്‍ നശിപ്പിട്ടത്’ എന്ന് ഡിസിസി പ്രസിഡണ്ട് നിജേഷ് അരവിന്ദ് പറഞ്ഞു. ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊരാളുങ്കലിനെ കൂട്ടുപിടിച്ച് സി പി എം അഴിമതി നടത്തുകയും ജനജീവിതം ദുസ്സഹമാക്കി മാറ്റുകയും ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും കൂടുതല്‍ രൂക്ഷമായ തുടര്‍ സമരങ്ങള്‍ക്ക് നഗരസഭ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രജീഷ് വെങ്ങളത്ത്കണ്ടി സ്വാഗതം പറഞ്ഞു. രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, നടേരി ഭാസ്‌കരന്‍, ടി. പി. കൃഷ്ണന്‍, വിനോദ്കുമാര്‍ കോമത്ത്കര, വി. ടി. സുരേന്ദ്രന്‍, വേണുഗോപാലന്‍ പന്തലായനി എന്നിവര്‍ പ്രസംഗിച്ചു. മനോജ് പയറ്റുവളപ്പില്‍, വി. വി. സുധാകരന്‍, ചെറുവക്കാട് രാമന്‍, മനോജ് കാളക്കണ്ടം, മുഹമ്മദ് ഷാനിഫ്, അന്‍സാര്‍ കൊല്ലം, ദാസന്‍ എം, സായിഷ് എം. കെ, തന്‍ഹീര്‍ കൊല്ലം, ശോഭന വി. കെ, റസിയ ഉസ്മാന്‍, ലാലിഷ പുതുക്കുടി, ശിവദാസന്‍ പിലാക്കാട്ട്, സുധാകരന്‍ വി. കെ, എം. എം. ശ്രീധരന്‍, ഷൈജു പെരുവട്ടൂര്‍, റാഷിദ് മുത്താമ്പി, പത്മനാഭന്‍ കുറുവങ്ങാട്, ജിഷ പുതിയേടത്ത്, സുമതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.