കണ്ണൂർ: ഏഷ്യയിലെ ഏറ്റവും നീളമേറിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തിയായി. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്തുപോകാ വുന്ന ബീച്ചിനോട് ചേർന്നുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് ഒന്നാം ഘട്ട നവീകരണം പൂർത്തിയായത്. ഇതോടെ ബീച്ചിന്റെ സൗന്ദര്യം ഉയരത്തിൽ നിന്ന് പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കും.
ബീച്ചിന്റെ വടക്കേ അറ്റത്തുനിന്ന് തുടങ്ങി ഒരു കിലോമീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമുള്ള പ്ലാറ്റ്ഫോമാണ് നിർമ്മിച്ചിരിക്കുന്നത്. 25 മീറ്ററോളം ആഴത്തിൽ പൈലിംഗ് നടത്തി അതിനു മുകളിൽ സ്ലാബ് വാർത്താണ് പ്ലാറ്റ്ഫോം നിർമ്മിച്ചത്.
ഈ പ്ലാറ്റ്ഫോമിൽ നിന്ന് 600 മീറ്ററിനുള്ളിൽ ബീച്ചിലേക്കിറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികൾക്കായി ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിസ്ഥലം, നടപ്പാത, സൈക്കിൾ ലൈൻ, ഭക്ഷണശാല, സെക്യൂരിറ്റി കാബിൻ, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
കുട്ടികൾക്കായുള്ള പാർക്ക് ഏവരെയും ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിറയെ ചെടികളും പൂക്കളുമുണ്ട്. തൂവെള്ള ചെമ്പകങ്ങൾ നിറയെ പൂവിട്ടു നിൽക്കുന്നു. വർണ്ണപ്പൂക്കളാൽ തീർത്ത പാർക്കിൽ ധാരാളം കളിസാമഗ്രികളും ഉണ്ട്. വിവിധ ഘട്ടങ്ങളിലായി 233.71 കോടി രൂപയുടെ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്.
മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ചുകളിൽ നാല് ഘട്ടങ്ങളിലായി 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. രണ്ടാം ഘട്ട വികസനം മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്ക് ഭാഗത്തുനിന്നാണ് ആരംഭിക്കുക. ബീച്ച് വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, റെസ്റ്റോറന്റ്, വാട്ടർ സ്പോർട്സ് എന്നിവ ഈ ഭാഗത്താണ് നിലവിൽ വരിക.
മൂന്നാം ഘട്ടത്തിൽ ധർമ്മടം ബീച്ചിനെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നാലാം ഘട്ടത്തിൽ ധർമ്മടം തുരുത്തിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. അപൂർവ്വയിനം പക്ഷികളുള്ള ഈ പ്രദേശം മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറും.
ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനം പൂർണ്ണമാകുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെ വിദേശ സഞ്ചാരികളുടെ വരവും വർദ്ധിക്കുമെന്ന കണക്കുകൂട്ടലുണ്ട്. നിലവിൽ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണം കുറവാണ്.
ലോക കടലോര ടൂറിസം ഭൂപടത്തിൽ മുഴപ്പിലങ്ങാട് ടൂറിസത്തെ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്തുവരുന്നത്. മുഴപ്പിലങ്ങാട് മുതൽ ധർമ്മടം തുരുത്ത്, തലശ്ശേരി കോട്ട എന്നിവയെ ബന്ധിപ്പിച്ചാണ് ടൂറിസം സർക്യൂട്ട് വരുന്നത്.