കുസാറ്റിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിദ്യാർത്ഥി മരണം; ബി.ടെക് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

news image
May 2, 2026, 7:18 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മരണം. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ കെ.എസ്. ദർശനയെ (21) കൊച്ചി ഹിദായത്ത് നഗറിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും ഷൈജയുടെയും മകളാണ് ദർശന.

 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അന്ന് പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പങ്കെടുത്തിരുന്നില്ല. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർത്ഥിനികൾ മുറിയിലെത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകയറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണ ചുമതല. ദർശനയുടെ മരണത്തിന് പിന്നാലെ, കഴിഞ്ഞയാഴ്ച മരിച്ച മറ്റൊരു വിദ്യാർത്ഥിയുടെ സംഭവവും കണക്കിലെടുത്ത് സർവകലാശാലയിൽ പ്രത്യേക ആലോചനാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മെയ് 5-ന് സെനറ്റ് ഹാളിലാണ് യോഗം നടക്കുക.

 

ഏപ്രിൽ 22-ന് ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ഡി. ധനുഷും മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ ക്യാമ്പസിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് പഠിക്കാനായി ഹോസ്റ്റലിൽ താമസിച്ച് പഠിക്കണമെന്ന ഉദ്ദേശത്തോടെയാണ് ദർശന ഒരാഴ്ച മുൻപ് വീട്ടിൽ നിന്ന് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe