കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

news image
Jul 31, 2026, 10:15 am GMT+0000 payyolionline.in

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആർ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്.

കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റേതായിരുന്നു ആദ്യ കൊലപാതകം. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe