ബെംഗളൂരു: ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയ ബന്ധം തുടരാൻ വേണ്ടിയാണ് കൃതികയെ ഡോ മഹേന്ദ്ര കൊലപ്പെടുത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹമോചനം നേടിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു. കൃതികയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതും കൊലയ്ക്ക് കാരണമായി. രോഗവിവരം കൃതികയുടെ മാതാപിതാക്കൾ മറച്ചുവച്ചുവെന്നും ഡോ മഹേന്ദ്രയുടെ മൊഴിയുണ്ട്. മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15എംഎൽ അനസ്തേഷ്യ നൽകിയിരുന്നു. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് ഡോ. മഹേന്ദ്ര റെഡ്ഡി. വാട്സാപ്പ് ചാറ്റുകൾ പൊലീസ് വീണ്ടെടുത്തതിന് പിന്നാലെയാണ് മഹേന്ദ്രയുടെ കുറ്റസമ്മതം. കൃതികയെ കൊന്നു എന്ന് പെൺസുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് വീണ്ടെടുത്തത്.
മകളുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ബെംഗളൂരു അയ്യപ്പ ലേ ഔട്ടിലെ വീട്. ആ വീടിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഭർത്താവിന്റെ ക്രൂരതയിൽ അകാലത്തിൽ പൊലിഞ്ഞ ഡോക്ടർ കൃതിക എം.റെഡ്ഡിയുടെ മാതാപിതാക്കൾ. മകളും ഭർത്താവും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി നിർമിച്ച് നൽകിയ വീട് ഇസ്കോൺ ക്ഷേത്രം ട്രസ്റ്റിന് മുനി റെഡ്ഡിയും ഭാര്യ സൗജന്യയും കൈമാറി. 3 കോടിയോളം രൂപ വില വരുന്ന വീടിന് മുന്നിൽ ഒരു ബോർഡും സ്ഥാപിച്ചു. ഇൻ മെമ്മറി ഓഫ് ഡോക്ടർ കൃതിക റെഡ്ഡി എന്ന്.
