തന്റെ പ്രിയപ്പെട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനം ഉണ്ടെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം കുറച്ച് മുൻപാണ് എത്തിയത്. ആ സർപ്രൈസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മന്ത്രി ഇപ്പോൾ. കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയെന്ന സമ്മാനമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി ആർ ചേമ്പറിൽ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.
22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിരിക്കും. എസ്ബിഐയും കെ എസ് ആർ ടി സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം സംഭവിച്ചാൽ 1 കോടിയും ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കും. ജീവനക്കാർ പ്രീമിയം അടക്കേണ്ടതില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുവർഷം രൂപ 15 ലക്ഷം രൂപ വരെ ചെലവ്. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കൾക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെഎസ്ആർടിസിയും എസ് ബി ഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂൺ 4 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.