തിരുവനന്തപുരം: ആശുപത്രികളിൽ നിലവിൽ മരുന്നുകളുടെ സ്റ്റോക്കുണ്ടെങ്കിലും കെ.എം.എസ്.സി.എൽ. (KMSCL) സംഭരണകേന്ദ്രങ്ങളിൽ സ്റ്റോക്ക് കുറവുണ്ടെന്ന് ആരോഗ്യവകുപ്പ്. ബാക്കിയുള്ള പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും, ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളിൽ നിന്ന് മരുന്നെത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കാനും കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി.
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കാൻ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി നിർദേശിച്ചു. ചിലയിടങ്ങളിൽ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശീയമായി ആശുപത്രികളിലെ സ്ഥിതി വിലയിരുത്തി മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങളും വീടുകൾ സന്ദർശിച്ചുള്ള പ്രതിരോധ ബോധവൽക്കരണവും ഊർജിതമാക്കും. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്കും പഞ്ഞി ഉൾപ്പെടെയുള്ള സർജിക്കൽ സാമഗ്രികൾക്കും തടസ്സം വരാൻ പാടില്ല. ഇതിനായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അടിയന്തരമായി ബോർഡ യോഗം ചേർന്ന് പർച്ചേസ് നടപടികൾ പൂർത്തിയാക്കും. തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്ന് ലഭ്യമാക്കാനും നീക്കമുണ്ട്. കൂടാതെ, മോർച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകി.
