കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.

news image
Dec 18, 2025, 12:01 pm GMT+0000 payyolionline.in

കോഴിക്കോട്: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായുള്ള കേക്കിലും വിഭവങ്ങളിലുമുണ്ടായേക്കാവുന്ന കൃത്രിമം പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളിൽ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന 20 ആരംഭിക്കും. ജില്ലയിൽ അഞ്ചു സ്ക്വാഡുകളായാണ് പരിശോധന നടത്തുക. ആവശ്യമെങ്കിൽ കൂടുതൽ സ്ക്വാഡിനെ വിന്യസിക്കും. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായുള്ള വിഭവങ്ങളുടെ നിർമാണ യൂനിറ്റുകളിലും വിൽപനശാലകളിലുമാണ് പ്രധാനമായും പരിശോധന നടക്കുക. ബാറുകളിലും പരിശോധനയുണ്ടാവും.

കേക്ക് കേടാവാതെയിരിക്കാൻ അനുവദിക്കപ്പെട്ടതിലും അളവിൽകൂടുതൽ പ്രിസർവേറ്റീവ്സ്, കളർ എന്നിവ ചേർക്കൽ, ചേരുവകളുടെ ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കും. ബേക്കറികളിലും കേക്ക് നിർമാണ യൂനിറ്റുകളിലും പരിശോധന കർശനമാക്കും. രാത്രികാലങ്ങളിൽ തട്ടുകടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. അതിരാവിലെയും രാത്രിയിലുമായി രണ്ട് സംഘങ്ങളായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയിൽ കൃത്രിമം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe